കാഞ്ഞാണി: പാടശേഖരങ്ങളിൽ കർഷകർക്ക് നൽകിയ മനുരത്ന നെൽവിത്ത് പരാജയമെന്ന് ആക്ഷേപം. കാഞ്ഞാണി പഴങ്ങാപ്പറമ്പ് കോൾപ്പടവിലെ കർഷകരാണ് ഇത് മൂലം വൻ സാമ്പത്തിക പ്രതിസന്ധിയിലായത്. ഇതോടെ മണലൂർ കൃഷി ഭവന്റെ കീഴിലുള്ള പഴങ്ങാപ്പറമ്പ് കോൾപ്പടവ് മേഖലയിലെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി.
കൃഷി ഭവനിൽ നിന്ന് പാടശേഖര സമിതി വഴി കർഷകർക്ക് നൽകിയ മനുരത്ന ഇനത്തിൽപ്പെട്ട വിത്താണ് തങ്ങളെ ചതിച്ചതെന്ന് കർഷകർ ആരോപിക്കുന്നു. മനുരത്ന വിത്തിന്റെ പ്രത്യേകത തന്നെ 90 ദിവസം കൊണ്ട് വിളവെടുക്കാം എന്നതാണ്. എന്നാൽ 115 ദിവസം പിന്നിട്ടിട്ടും പലർക്കും നെല്ല് കൊയ്യുവാനായിട്ടില്ല എന്നാണ് പരാതി. കൊയ്ത്തു കഴിഞ്ഞ പ്രദേശത്ത് കർഷകർക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രഹരമാണ് ഇതെന്നാണ് ആരോപണം. 25 പറ നിലം കൊയ്ത്തു കഴിയുമ്പോൾ 90 ചാക്ക് നെല്ല് കിട്ടിയിരുന്ന വ്യക്തിക്ക് ഇത്തവണ ആകെ ലഭിച്ചത് 13 ചാക്കിനു താഴെ മാത്രം നെല്ലാണെന്നുള്ളതാണ് വാസ്തവം.
പ്രദേശത്തെ ആകെ 72 ഏക്കർ വരുന്ന പഴങ്ങാംപറമ്പ് കോൾ മേഖലയിൽ പാതി ഭാഗത്തോളം കൊയ്ത്തു കഴിഞ്ഞ കർഷകർ കണ്ണീരിലായി. പലരും നിരാശ മൂലം കൊയ്ത്ത് ഉപേക്ഷിച്ചതായും അറിയിച്ചു. ആറായിരം രൂപ കൊയ്ത്തു കൂലി കൊടുത്ത കർഷകന് ലഭിച്ചത് ആകെ 13 ചാക്ക് നെല്ലാണ് . കർഷകർക്ക് ലഭിച്ച മനുരത്ന വിത്ത് ഗുണനിലവാരം കുറഞ്ഞതായിരുന്നു എന്ന് കർഷകർ ആരോപിച്ചു. കർഷകർക്ക് വന്നിട്ടുള്ള ഭീമമായ നഷ്ടത്തിന് അന്തിക്കാട് പാടശേഖര സമിതി ശാശ്വതമായ നഷ്ട പരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
....................................................
വള പ്രയോഗം കൂടുതൽ നടന്നാൽ വിളവിനെ ബാധിക്കാം
മനുരത്ന വിത്ത് 90 മുതൽ 100 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഇനമാണെന്ന് കൃഷി വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു. വള പ്രയോഗം കൂടുതൽ നടന്നാലും നെല്ലിന്റെ വിളവിനെ ബാധിക്കാം എന്നാണ് ഇവരുടെ വിശദീകരണം.