പാവറട്ടി:ജോൺ എബ്രഹാം പുരസ്‌കാര വിതരണത്തോടെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രമേളയ്ക്ക് സമാപനം. വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്‌ളിക് ലൈബ്രറി, ജനകീയ ചലച്ചിത്ര വേദിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ കെ.പി. വനോദ് നിർവഹിച്ചു. വാർഡ് കൗൺസിലർ ബിന്ദു അജിത് കുമാർ അദ്ധ്യക്ഷനായി. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. സുരേഷ് പുരസ്‌കാര വിതരണം നടത്തി. പ്രശസ്ത സിനിമ നാടക കലാസംവിധായകൻ ജെയ്‌സൻ ഗുരുവായൂർ അവാർഡ് പ്രഖ്യാപനം നടത്തി.
മികച്ച ഷോർട്ട് ഫിലിമായി ജന്റോ തെക്കനിയത്തിന്റെ 'പാക്കി 8' തിരഞ്ഞെടുത്തു. ഡോക്യുമെന്ററി വിഭാഗത്തിൽ നൗഫൽ ചോറ്റുവ സംവിധാനം ചെയ്ത 'മഹാകവി ചേറ്റുവായ് പരീക്കുട്ടിയും ' തിരഞ്ഞെടുത്തു. രാഹുൽ എസ്. ശർമ്മ സംവിധാനം നിർവഹിച്ച 'രാഘവൻ' ജൂറി പരാമർശനത്തിനും അർഹമായി. ആർ.ജെ. സുബ്ബുവിന്റെ ടോബി, അക്കു അക്ബറിന്റെ കടലാഴം എന്നിവ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം പങ്കുവച്ചു.
'ഇരട്ട ജീവിതം' സംവിധാനം ചെയ്ത സുരേഷ് നാരായണനെ ചടങ്ങിൽ ആദരിച്ചു. എം.ജി. ഗോകുൽ, റെജി വിളക്കാട്ടുപാടം, സന്തോഷ് ദേശമംഗലം, സുനിൽ ടി.കെ., സൈജോ കണ്ണനായ്ക്കൽ, സി.ജെ. ജോസ്, സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, മാത്യൂസ് പാവറട്ടി, കെ.സി. അഭിലാഷ്, ടി.കെ. സുരേഷ്, ഫെസ്റ്റിവൽ ഡയറക്ടർ
റാഫി നീലങ്കാവിൽ എന്നിവർ സംസാരിച്ചു. സമാപന ചിത്രമായി 'ഇരട്ട ജീവിതം' പ്രദർശിപ്പിച്ചു.