തൃശൂർ : സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് അണിയറ ചർച്ചകൾ പാർട്ടി വേദികളിലേക്ക്. സ്ഥാനാർത്ഥികൾ സംബന്ധിച്ച് ജില്ലാ ഘടകങ്ങളുടെ താത്പര്യങ്ങൾ അടങ്ങിയ ലിസ്റ്റുകൾ സംസ്ഥാന ഘടകങ്ങളിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ഉയർന്ന് വരുന്ന പേരുകളുടെ എണ്ണം ചുരുങ്ങി തുടങ്ങി. നേരത്തെ ഓരോ പാർട്ടികളിലും ഒരു ഡസനിലേറെ പേരുകളാണ് പ്രചരിച്ചിരുന്നത്. അത് സോഷ്യൽ മീഡിയകളിലും ഇടം നേടി. പലരും സ്വയം സ്ഥാനാർത്ഥിത്വവുമായി രംഗത്ത് വന്നിരുന്നു. സി.പി.ഐയും ബി.ജെ.പിയും ഇതിനോടകം പട്ടിക, സംസ്ഥാന ഘടകങ്ങൾക്ക് കൈമാറിക്കഴിഞ്ഞു. സിറ്റിംഗ് എം.പി സി.എൻ. ജയദേവൻ, എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ബി.ജെ.പിയുടെ ആദ്യ പേര് കെ. സുരേന്ദ്രനാണ്. പിന്നാലെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെയും എ.എൻ. രാധാകൃഷ്ണന്റെയും പേരുകളാണ്. കോൺഗ്രസിന്റെ ഗ്രൂപ്പടിസ്ഥാനത്തിലുള്ള ലിസ്റ്റുകളാണ് പോയിട്ടുള്ളത്.

കോൺഗ്രസിൽ മുന്നിൽ പ്രതാപൻ

കോൺഗ്രസിൽ ടി.എൻ. പ്രതാപന്റെ പേരിനാണ് ഇപ്പോൾ മുൻതൂക്കം. ആദ്യ ഘട്ടത്തിൽ വി.എം. സുധീരൻ, ബെന്നി ബഹ്‌നാൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇപ്പോൾ പ്രതാപൻ തന്നെയായിരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. എ, ഐ ഗ്രൂപ്പുകൾ തങ്ങളുടെ പട്ടിക സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കൾക്ക് കൈമാറിയിട്ടുണ്ടെങ്കിലും ഇവരിൽ ആരെയും പരിഗണിക്കാൻ ഇടയില്ല. എന്നിരുന്നാൽ കൂടി കോൺഗ്രസായതിനാൽ സ്ഥാനാർത്ഥി ആരുമാകാം എന്നതാണ് സ്ഥാനാർത്ഥി മോഹികളുടെ പ്രതീക്ഷ. കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികൾ വേണ്ടെന്ന് ചൂണ്ടിക്കാട്ടി നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്.

മറ്റ് സാദ്ധ്യതകൾ

കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുരിയാക്കോസ്

മനസിലുറപ്പിച്ച് ജയദേവൻ

സിറ്റിംഗ് എം.പി. സി.എൻ. ജയദേവൻ മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ സി.പി.ഐക്ക് മറ്റൊരു പേര് ആലോചിക്കേണ്ടതുള്ളൂ. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യ പ്രകാരം സി.എൻ. ജയദേവന്റെ പേരിന് പുറകെ കെ.പി. രാജേന്ദ്രൻ, രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകൾ കൈമാറിയിട്ടുണ്ട്. തുടക്കത്തിൽ മത്സരിക്കാനില്ലെന്നാണ് പറഞ്ഞിരുന്നതെങ്കിലും പാർട്ടിക്കുള്ളിലെ സമ്മർദ്ദം ഏറിയതോടെ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് പരസ്യമായി അറിയിച്ചു. സി.പി.ഐക്ക് അഖിലേന്ത്യാ തലത്തിൽ തന്നെയുള്ള ഏക എം.പിയായ ജയദേവൻ മത്സരിക്കണമെന്ന് പറഞ്ഞാൽ ഒരു തരത്തിലും തള്ളിക്കളയാൻ നേതൃത്വത്തിനും സാധിക്കില്ല.

ആർ.എസ്.എസ് ലിസ്റ്റിലും സുരേന്ദ്രൻ


ബി.ജെ.പിയിൽ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ജില്ലാ നേതൃത്വം സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ആർ.എസ്.എസും കൂടി ആവശ്യമുന്നയിച്ചതോടെ മറ്റൊരാൾ വരാനിടയില്ല. ബി.ജെ.പിയുടെ ജനസമ്മതിയുള്ള നേതാവായിരിക്കും മത്സരിക്കുകയെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ഇന്നലെ തൃശൂരിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ബി.ജെ.പി സ്ഥാനാർത്ഥി ലിസ്റ്റിൽ ഏറ്റവും മാർക്കറ്റുള്ള നേതാവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ കൂടുതൽ നേടിയ ബി.ജെ.പിക്ക് ഇത്തവണ അട്ടിമറി നടത്താൻ സാധിക്കുമെന്നാണ് അവകാശവാദം...