ചാലക്കുടി: നല്ല റോഡ് കണ്ടാൽ ചില വകുപ്പുകാർക്ക് സഹിക്കില്ല, കൊത്തിപ്പൊളിച്ച് നാശമാക്കും... വിരോധാഭാസങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് സ്വകാര്യ ഫോൺ കമ്പനിയുടെ ചാലക്കുടിയിലെ റോഡ് പൊളിക്കൽ. പൊലീസ് സ്റ്റേഷൻ റോഡിലാണ് പൊതുജനങ്ങളെ ദ്രോഹിക്കുന്ന സേവനം അരങ്ങേറുന്നത്. ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തിയ റോഡാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ നശിപ്പിക്കുന്നത്.

ഫയർ സ്റ്റേഷൻ ഭാഗത്ത് ഉൾപ്പെടെ നിരവധി കുഴികൾ രൂപപ്പെട്ടുകഴിഞ്ഞു. മൂന്നു ദിവസം മുൻപേ കുഴിയാക്കിയ ജോലിക്കാരെ ഇപ്പോൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനി ആശുപത്രി റോഡിലും ഇത്തരം കേബിൾ കുഴികളും പീന്നീട് കാനകളും നിർമ്മിക്കുമെന്നാണ് അറിയുന്നത്. ഇതോടെ കോടികൾ മുടക്കി ആധുനിക സംവിധാനത്തിൽ നിർമ്മിച്ച റോഡ് തകരുമെന്ന നിലയിലാണ്.

രണ്ടുമാസം മുമ്പ് പാലസ് റോഡ് ഭാഗത്ത് കാന നിർമ്മാണം ആരംഭിച്ച വേളയിൽ എം.എൽ.എ ഇടപെട്ട് അതു തടഞ്ഞിരുന്നു. അന്ന് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പോലും നടന്നിരുന്നില്ല. നഗരസഭയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ച ശേഷമാണ് കമ്പനിക്കാർ കേബിൾ നിർമ്മാണത്തിനായി കാനയുണ്ടാക്കുന്നത്. നഗരഭയുടെ റോഡായതിനാൽ മറ്റാർക്കും ഇതിൽ കൈകടത്താനാകില്ല.

താറുമാറാക്കുന്ന റോഡ് അറ്റകുറ്റപ്പണികൾ കൊണ്ട് പൂർവ്വ സ്ഥിതിയിലാകില്ലെന്ന് അനുമതി കൊടുത്ത അധികൃതർക്ക് ബോധ്യമുണ്ട്. എങ്കിലും നോട്ടുകെട്ടുകളുടെ എണ്ണത്തിൽ അവർ മറ്റൊന്നും ചിന്തിച്ചില്ല. നിരവധി പ്രശ്‌നങ്ങളുടെ പേരിൽ രണ്ടു വർഷത്തോളം ആധുനിക റോഡിന്റെ നിർമ്മാണം വൈകിയിരുന്നു. ഈ വേളയിൽ ഫോൺ കമ്പനിക്കാർ എവിടയായിരുന്നുവെന്നാണ് നാട്ടുകാരുടെ ചോദ്യം.