പുതുക്കാട്: പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന ചെങ്ങാലൂർ ശാന്തിനഗർ തൊടുകുളങ്ങര ക്ഷേത്രത്തിനടുത്ത് ഉപ്പുംപറമ്പിൽ ശശീന്ദ്രന് ഒടുവിൽ വിധിക്ക് കീഴടങ്ങേണ്ടി വന്നു. വീടിരുന്ന സ്ഥലം തൊടുകുളങ്ങര ദേവസ്വം സ്ഥലമായാണ് രേഖകൾ. തലമുറകളായി ശശീന്ദ്രന്റെ വീട്ടുകാരാണ് ഇവിടെ താമസിച്ചിരുന്നതെങ്കിലും ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തിലായപ്പോഴും ശശീന്ദ്രന്റെ പൂർവികർക്ക് സ്വന്തം പേരിൽ പട്ടയം തരപ്പെടുത്താനുള്ള ബുദ്ധി ഉണ്ടായില്ല. അക്കാരണത്താൽ തന്നെ സർക്കാർ പ്രളയത്തിൽ വീട് തകർന്നവർക്ക് വീട് നിർമ്മിച്ചു നൽകുന്ന കൂട്ടത്തിൽ ശശീന്ദ്രന് വീട് ലഭിച്ചില്ല.
കിടപ്പാടം പൂർണ്ണമായി തകർന്ന ശശീന്ദ്രന് സേവാഭാരതി പ്രവർത്തകർ താത്കാലിക വീട് നിർമ്മിച്ചു നൽകിയിരുന്നു. സർക്കാരിന്റെ വീട് ശശീന്ദ്രന് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സേവാഭാരതി ശശീന്ദ്രന് വീട് നിർമ്മിച്ചു നൽകാൻ തീരുമാനം എടുക്കുകയും വീട് നിർമ്മാണം ആരംഭിക്കുകയും ചെയ്തു. വീടിന്റെ പ്രധാന വാർക്കയോടടുത്തു പ്രവൃത്തികൾ. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലിരിക്കെ വിധി മരണത്തിന്റെ രൂപത്തിലെത്തി ശശീന്ദ്രന്റെ ജീവൻ അപഹരിച്ചത്. ഓട്ടുകമ്പനി തൊഴിലാളിയായിരുന്നു ശശീന്ദ്രൻ. ഓട്ടുകമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെ കൂലി പണിക്കാരനായി. പരോപകാരിയായ ശശീന്ദ്രൻ ആർക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്യാനായി ഓടിയെത്തും. അതിനാൽ തന്നെ നാട്ടുകാരുടെയെല്ലാവരുടെയും വേണ്ടപ്പെട്ടവനാണ്. സേവാഭാരതി നിർമ്മിക്കുന്ന വീടിന്റെ പൂർത്തീകരണത്തിന് ശേഷം പാലുകാച്ചലിന് നാട്ടിലെ എല്ലാവരെയും ക്ഷണിക്കണമെന്ന് പറയാറുള്ള ശശീന്ദ്രനെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും ക്ഷണിക്കാതെ തന്നെ നാട്ടുകാരെല്ലാവരും എത്തി. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുപറമ്പിൽ നടത്തും. ഭാര്യ: ചന്ദ്രിക. മക്കൾ: അമ്പിളി, അനന്ദു. മരുമകൻ: സതീഷ്..