ചേലക്കര: നരേന്ദ്ര മോദിയെപ്പോലെ സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരാണ് പിണറായിയുടേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഭരണപരാജയം മറച്ചുവയ്ക്കാണ് ശബരിമല വിഷയം ഉയർത്തിപ്പിടിച്ചത്. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നമ്മൾ ഇന്ത്യയെ കണ്ടെത്തി നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും എന്ന മുദ്രാവാക്യവുമായി എത്തിയ ജനമഹാ യാത്രയിൽ തൃശൂർ ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലമായ ചേലക്കരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അതിർത്തിയായ പ്ലാഴിയിൽ വച്ച് ജാഥയെ ജില്ലാ പ്രസിഡന്റ് ടി.എൻ. പ്രതാപൻ സ്വീകരിച്ചു. പഴയന്നൂരിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ചേലക്കര നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സ്വീകരണ കേന്ദ്രമായ ചേലക്കരയിലേക്ക് ആനയിച്ചു.

തുടർന്ന് ബസ് സ്റ്റാൻഡിൽ വച്ച് നടക്കുന്ന സ്വീകരണ യോഗത്തിൽ ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് ടി.എം. കൃഷ്ണൻ അദ്ധ്യക്ഷനായി. ടി.എം. പ്രതാപൻ, കെ.പി. അനിൽകുമാർ, എം. അബു, ലതിക സുഭാഷ്, ജോൺ എബ്രഹാം, കൊടിക്കുന്നിൽ സുരേഷ്, ഇ. വേണുഗോപാലമേനോൻ തുടങ്ങി ജില്ലാ സംസ്ഥാന നേതാക്കൾ പ്രസംഗിച്ചു. നിശ്ചയിച്ച സമയത്താലും ഏറെ വൈകിയാണ് ജനമഹാ യാത്ര ചേലക്കരയിൽ എത്തിയതെങ്കിലും വൻ ജനാവലിയാണ് കാത്തിരുന്നത്.