karuvannur
ചേറ്റുവ പുഴയിലൂടെ കടന്നുപോകുന്ന പൈപ്പിന് ആവശ്യമായ താഴ്ചയില്ലാത്തത് മൂലം ഉയർന്നു നിൽക്കുന്ന മണൽക്കൂന.

ചാവക്കാട്: കരുവന്നൂർ ശുദ്ധജല വിതരണ പദ്ധതിക്കായി ചേറ്റുവ പുഴയിലൂടെ കടന്നുപോകുന്ന പൈപ്പിന് ആവശ്യമായ താഴ്ചയില്ലാത്തത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കും വഞ്ചികൾക്കും ദുരിതമാകുന്നു. പുഴയിലൂടെ കടന്നുപോകുന്ന പൈപ്പ് ഇട്ട ഭാഗത്തെ മണൽക്കൂന വേലിയിറക്ക സമയങ്ങളിൽ ഉയർന്ന് നിൽക്കുന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

പുഴയിലിട്ട പൈപ്പിന് ആവശ്യമായ താഴ്ചയില്ലെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. പുഴയുടെ അടിത്തട്ടിൽ നിന്നും ഒന്നര മീറ്റർ താഴ്ചയിലാണ് പൈപ്പ് സ്ഥാപിക്കേണ്ടതെന്ന് കരാറിലുണ്ടെങ്കിലും പലയിടത്തും അരമീറ്റർ പോലും താഴ്ചയില്ല. വേലിയേറ്റ സമയങ്ങളിൽ മണൽക്കൂനയുള്ള ഭാഗം അറിയാതെ ബോട്ടോ, വള്ളങ്ങളോ ഇതുവഴി വരുന്നത് വൻ അപകടങ്ങൾക്കാണ് വഴിവെക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രു. 18ന് പദ്ധതി ഉദ്ഘാടനം ചെയ്യാനിരിക്കെ പുഴയിലെ മണൽക്കൂന നീക്കം ചെയ്യണമെന്നാവശ്യം ശക്തമായിട്ടുണ്ട്.