മാള: പ്രളയത്തിന് കീഴടങ്ങാത്ത മനസിന്റെ കരുത്തുമായി മണ്ണിനെ ഹരിതാഭമാക്കി കർഷക തൊഴിലാളി ഷാജി. പ്രളയ ജലത്താൽ മുറിവേറ്റ ഷാജിയെന്ന കർഷകന്റെ മനസിൽ ഇപ്പോൾ പ്രതീക്ഷകളുടെ വേലിയേറ്റമാണുള്ളത്. പ്രളയം കവർന്ന വാഴ കൃഷിയെ ഓർത്ത് നിരാശയിൽ മാത്രം കഴിയാതെ പൊയ്യ പഞ്ചായത്തിലെ തൈപ്പറമ്പിൽ ഷാജി വീണ്ടും മണ്ണിൽ പൊന്നുവിളയിക്കുകയാണ്.
കുലച്ച കറിപ്പാകമായ 350 ഓളം വാഴകളാണ് പ്രളയത്തിൽ നശിച്ചത്. അത്രത്തോളം സ്ഥലത്തെ കപ്പ കൃഷിയും വെള്ളം കയറി നശിച്ചിരുന്നു. ഷാജിയുടെ കൃഷിയിടത്തിലെ കറിപ്പാകമായ കായകൾ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണത്തിനായി നൽകുകയായിരുന്നു. കൂടാതെ ആവശ്യക്കാരായ നാട്ടുകാർക്കും പങ്കുവെച്ചു നൽകി. ഓണത്തിന് വിളവെടുക്കാവുന്ന തന്റെ പ്രതീക്ഷകളെയാണ് പ്രളയം കവർന്നതെന്ന് തിരിച്ചറിയുമ്പോഴും മറ്റുള്ളവരുടെ ദുരിതങ്ങൾക്ക് മുന്നിൽ ഈ നഷ്ടത്തെ ചെറുതായി കാണാനാണ് ഈ കർഷക തൊഴിലാളി ശ്രമിച്ചത്. സ്വന്തം കൃഷി കൂടാതെ മറ്റു കൃഷിപ്പണികൾക്ക് കൂടി പോകുന്നുണ്ട് ഈ 48 കാരൻ.
പാട്ടത്തിനെടുത്ത സ്ഥലത്തെ വാഴകൾ പോയതോടെ തൊട്ടടുത്ത ഒരേക്കർ സ്ഥലത്ത് പൊട്ടുവെള്ളരി, ചീര, പയർ എന്നിവ കൃഷി ചെയ്തു. ഇവിടെ പൊട്ടുവെള്ളരി വിളവെടുപ്പ് അവസാന ഘട്ടത്തിലാണ്. ഇത് അവസാനിക്കുമ്പോഴേക്കും മറ്റൊരു സ്ഥലത്ത് കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണെന്നും ഷാജി പറഞ്ഞു. ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് പൊട്ടുവെള്ളരിയുടെ വിളവിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
മഠത്തുംപടി മാൽശേരി പാടത്താണ് ഇപ്പോൾ വിളവെടുക്കുന്ന കൃഷിയുള്ളത്. വിളവെടുക്കുന്ന പൊട്ടുവെള്ളരി സ്വയം വിൽക്കുന്നതിനാൽ കൂടുതൽ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് 15 വർഷമായി കർഷക വേഷം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന ഷാജി പറയുന്നു.