mullapalli-ramachandran

തൃശൂർ: കേരളത്തിലെ സി.പി.എം കച്ചവട താത്പര്യം മാത്രമുള്ള കറക്കുകമ്പനിയായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായിയും കോടിയേരിയും പുത്തൻപണക്കാരുടെ തോഴന്മാരായി മാറിയെന്നും പത്രസമ്മേളനത്തിൽ മുല്ലപ്പള്ളി ആരോപിച്ചു. കോൺഗ്രസിന്റെ ജനമഹായാത്രയിൽ പണപ്പിരിവിനെ വിമർശിച്ച കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അങ്ങേയറ്റം തരം താണതായി.

കോൺഗ്രസിന്റെ പണപ്പിരിവ് സുതാര്യമാണ്. ഇത്തരം യാത്രകളിലൂടെ തന്നെയാണ് പാർട്ടി ഫണ്ട് സ്വരൂപിക്കാറുള്ളത്. സി.പി.എം ബക്കറ്റ് കുലുക്കിയാൽ കോടികൾ നിറയുന്ന മാന്ത്രിക വിദ്യയുടെ രഹസ്യം കോടിയേരി വിശദീകരിക്കണം. പണ്ട് പിണറായി രാഷ്ട്രീയ യാത്രയ്ക്ക് കോഴിക്കോട്ടെത്തിയപ്പോൾ ആദ്യം കണ്ടത് നവകോടീശ്വരന്മാരെയാണ്. കള്ളക്കടത്തുകാരുടെ കൂപ്പർ കാറിൽ യാത്ര നടത്തുന്നതാരെന്നും ജനങ്ങൾക്കറിയാം.

മഹാരാജാസിൽ രക്തസാക്ഷിയായ അഭിമന്യുവിന്റെ മരണം സി.പി.എം ആഘോഷമാക്കി മാറ്റി. മൂന്ന് കോടി പിരിച്ച ശേഷം 35 ലക്ഷമാണ് അഭിമന്യുവിന്റെ കുടുംബത്തിന് നൽകിയത്. ബാക്കി പണം എന്തുചെയ്തുവെന്ന് കോടിയേരി വിശദീകരിക്കണം. ശബരിമലയെ അയോദ്ധ്യ മാതൃകയിൽ സമരഭൂമിയാക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന അപകടകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.