gvr-kalasam
സഹസ്രകലശ ചടങ്ങുകൾക്കുള്ള കലശകുടങ്ങളിൽ ഔഷധ ദ്രവ്യങ്ങൾ നിറച്ചപ്പോൾ

ഗുരുവായൂർ: കലശക്കുടങ്ങളിൽ ഔഷധ ദ്രവ്യങ്ങൾ നിറച്ചു; ഇന്ന് ഗുരുവായൂരപ്പന് ആയിരംകുടം കലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്യും. ഇന്നലെ തത്വകലശാഭിഷേകം നടന്നു. 24 തത്വങ്ങളെ ആവാഹിച്ച് പൂജിച്ച ശേഷമായിരുന്നു തത്വകലശാഭിഷേകം. രാവിലെ തത്വഹോമവും നാഡീസന്താന പൂജയുമുണ്ടായി. ഉത്സവത്തിന് മുന്നോടിയായി 8 ദിവസമായി നീണ്ടു നിന്നിരുന്ന സഹസ്രകലശ ചടങ്ങുകൾക്ക് ഇന്ന് ബ്രഹ്മകലശത്തോടെ സമാപനമാകും.

ഗുരുവായൂർ ക്ഷേത്രത്തിൽ സഹസ്രകലശ ചടങ്ങുകൾക്കായി കൂത്തമ്പലത്തിൽ ഒരുക്കിയ സ്വർണ്ണം വെള്ളിക്കുടങ്ങൾ ഇന്നലെയാണ് മലർത്തിയത്. തുടർന്ന് ഔഷധ ദ്രവ്യങ്ങൾ നിറച്ചു. കഷായം, പാല്, തൈര്, പഞ്ചഗവ്യം, ഇളനീർ, ചക്ക, മാങ്ങ എന്നിവയ്ക്ക് പുറമെ മണിക്കിണറിലെ വെള്ളവും ഉൾപ്പെടുന്നതാണ് ദ്രവ്യങ്ങൾ. 25 ഖണ്ഡങ്ങളിലായി 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

11 മണിയോടെ 40 ഓളം കീഴ്ശാന്തി നമ്പൂതിരിമാർ കൂത്തമ്പലത്തിൽ നിന്നും കലശക്കുടങ്ങൾ ശ്രീകോവിലിലെത്തിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ബ്രഹ്മകലശം പ്രദക്ഷിണമായി ശ്രീലകത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് ബ്രഹ്മകലശാഭിഷേകം നടക്കും. ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് കലശച്ചടങ്ങുകൾ. തുടർന്ന് അഭിഷേക ശേഷം തീർത്ഥം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. ക്ഷേത്രചൈതന്യ വർദ്ധനവിനായി വർഷത്തിലൊരിക്കൽ ഉത്സവത്തിന് മുമ്പെ നടത്തി വരുന്നതാണ് കലശാഭിഷേകം. സഹസ്രകലശത്തിന് മുന്നോടിയായി ഇന്നലെ രാത്രിയോടെ അനുജ്ഞ എന്ന ചടങ്ങുണ്ടായിരുന്നു. തന്ത്രിയും അടിയന്തരക്കാരും കലശം നടത്താനായി ഗുരുവായൂരപ്പനോട് അനുവാദം ചോദിക്കുന്ന ചടങ്ങാണിത്.