ഗുരുവായൂർ: പത്തു നാൾ നീളുന്ന ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കമാകും. 2.88 കോടി രൂപ വകയിരുത്തിയ ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് വൈകിട്ട് മൂന്നിന് ആനയോട്ടത്തോടെയാണ് ഉത്സവച്ചടങ്ങുകൾ ആരംഭിക്കുക. രാത്രി എട്ടിന് കൊടിയേറും. 2,000 പേർക്ക് ഒരേ സമയം ഉത്സവക്കഞ്ഞി കഴിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഉത്സവക്കഞ്ഞിയൊരുക്കുന്നത്. മീഡിയ സെന്റർ ഉദ്ഘാടനം രാവിലെ 11ന് നടക്കും. ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണ സമിതി അംഗങ്ങളായ കെ.കെ. രാമചന്ദ്രൻ, പി. ഗോപിനാഥ്, എം. വിജയൻ, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.