മാള: താളമേള വർണക്കാഴ്ചകളുടെ സംഗമമായ അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ജന സഹസ്രങ്ങളെത്തി. ചെറു പൂരത്തിന്റെ പകിട്ടോടെ നടക്കുന്ന ഒമ്പതാം ഉത്സവം ആസ്വദിക്കാൻ വൻ തിരക്ക് അനുഭവപ്പെട്ടു. ആനകളുടെയും മേളക്കാരുടെയും കുടമാറ്റത്തിന്റെയും മികവിൽ പൂരത്തിന്റെ തലയെടുപ്പോടെയാണ് അന്നമനട ഉത്സവത്തിനുണ്ടായിരുന്നത്. രാവിലെ ശീവേലിക്കും വൈകീട്ട് നടന്ന കാഴ്ചശീവേലിക്കും ഒമ്പത് ഗജവീരന്മാർ അണിനിരന്നു. ശീവേലിക്കുള്ള മേളത്തിന് പെരുവനം സതീശൻ മാരാർ നേതൃത്വം നൽകി. തുടർന്ന് ഓട്ടൻതുള്ളൽ നടന്നു. വൈകീട്ട് ആനയൂട്ടും തുടർന്ന് കാഴ്‌ച ശീവേലിയും നടന്നു. അന്നമനട ഉമാമഹേശ്വരൻ തിടമ്പേറ്റിയ കാഴ്ചശീവേലിക്ക് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ മേളം നയിച്ചു. ഇതോടനുബന്ധിച്ച് വർണശബളമായ കുടമാറ്റം കാഴ്ചക്കാരുടെ മനം കവർന്നു.