കയ്പ്പമംഗലം: പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 18ന് ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുമേധ പദ്ധതി ഉദ്ഘാടനം മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറും, വില്ലകളുടെ നിർമ്മാണോദ്ഘാടനം ഇന്നസെന്റ് എം.പിയും സുമേധ അവാർഡ് ദാനവും ആദരിക്കലും ജില്ലാ കലക്ടർ ടി.വി. അനുപമയും നിർവഹിക്കും. ഇ.ടി. ടെസൺമാസ്റ്റർ എം.എൽഎ അദ്ധ്യക്ഷത വഹിക്കും.
പൂർത്തീകരിച്ച പദ്ധതികളായ 500 കെ.വി. പെരിഞ്ഞനോർജ്ജം സോളാർ വൈദ്യുത പദ്ധതി, സുമേധ പദ്ധതിയിൽ ഉന്നത വിദ്യാഭ്യാസത്തിനും, സിവിൽ സർവീസ് മത്സര പരീക്ഷകൾക്കും സൗജന്യ പരിശീലനം നൽകുന്ന പദ്ധതിക്കായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം, ക്ലീൻ പെരിഞ്ഞനം പദ്ധതി, കിത്ത് ആൻഡ് കിൻ ഉൽപ്പന്നങ്ങൾ വിപണന പദ്ധതി, ബയോഫാർസി ജൈവ വള കീടനാശിനി വിപണന പദ്ധതി, കൊപ്ര അടർത്തിയെടുക്കുന്ന ആധുനിക യന്ത്രത്തിന്റെ ലോഞ്ചിംഗ്, പ്രളയബാധിതരായ ഭൂരഹിത, ഭവന രഹിതർക്ക് സന്നദ്ധ സംഘടന നൽകുന്ന 18 വീടുകളുടെ നിർമ്മാണോദ്ഘാടനം, ഗോവർദ്ധൻ പദ്ധതിയിൽ ജൈവമാലിന്യത്തിൽ നിന്നും 20 സുനാമി വീടുകൾക്ക് ബയോഗ്യാസ്, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആധുനിക ഗ്യാസ് ക്രിമറ്റേറിയം നിർമ്മാണോദ്ഘാടനം, കുടുംബശ്രീ ഗ്രാമീണ ചന്ത കെട്ടിട നിർമ്മാണോദ്ഘാടനം തുടങ്ങിയ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പെരിഞ്ഞനം പഞ്ചായത്തിനടുത്തുള്ള ഗ്രൗണ്ടിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും കെ.എസ്.ഇ.ബി സ്റ്റാൾ, സുമേധ സ്റ്റാൾ, കാർഷിക സ്റ്റാൾ, കുടുംബശ്രീ സ്റ്റാൾ എന്നിവയും വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത്, സെക്രട്ടറി എൻ.എം അബ്ദുൾ ജലീൽ എന്നിവർ അറിയിച്ചു.