കൊടുങ്ങല്ലൂർ: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഇന്ത്യൻ ജനത ഉൾക്കൊണ്ടതിന്റെ തെളിവാണ് ഹിന്ദി ഹൃദയഭൂവിൽ നിന്നും ബി.ജെ.പി ഭരണം പറിച്ചെറിയപ്പെട്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രക്ക് എറിയാട് ചന്തയിലൊരുക്കിയ കയ്പമംഗലം നിയോജക മണ്ഡലം തല സ്വീകരണ സമ്മേളനത്തിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു യാത്രാനായകനായ മുല്ലപ്പിള്ളി.
നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയതിന്റെ കൈത്തെറ്റ് തിരുത്താനുള്ള നിശ്ചയത്തിലാണ് ഇന്ത്യൻ ജനതയെന്ന് ഇതിലൂടെ വ്യക്തമായി. അസഹിഷ്ണുതയുടെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയമാണ് നരേന്ദ്രമോദി പയറ്റിക്കൊണ്ടിരിക്കുന്നത്. മതേതര കാഴ്ചപ്പാടിൽ ജീവിക്കുന്ന ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിനും ഇത് ഉൾക്കൊള്ളാനായിട്ടില്ലെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. മതിലകം ബ്ളോക്ക് കോൺ. പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ ആമുഖ പ്രസംഗം നടത്തി. എറിയാട് ബ്ളോക്ക് കോൺ. പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ലതികാ സുഭാഷ്, ടി.എൻ. പ്രതാപൻ, എം.കെ. അബ്ദുൾ സലാം അഡ്വ .പി.എച്ച്. മഹേഷ് , സി.സി. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു...