sfi

തൃശൂർ: പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ തൃശൂർ എൻജിനിയറിംഗ് കോളേജിലെ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു. യൂണിയൻ നേതാക്കളായ അതുൽ, ഹിജാബ്, അർജുൻ, ജോർജ് എന്നിവരുൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.

വാഹന പരിശോധനയ്ക്കിടയിൽ കൈ കാണിച്ചിട്ടും നിറുത്താതെ പോയ ബൈക്ക് എൻജിനിയറിംഗ് കോളേജ് കാമ്പസിനകത്തേക്ക് ഓടിച്ചുപോയതിനെ തുടർന്ന് അഡീഷണൽ എസ്.ഐ ആനന്ദും സംഘവും പിന്തുടർന്നെത്തി. കോളേജിൽ ഒരു പ്രോഗ്രാം നടക്കുന്ന സമയത്ത് പൊലീസ് കാമ്പസിനകത്തേക്ക് അനാവശ്യമായി കയറിയെന്നാരോപിച്ച് കേസിൽ പ്രതിയായ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെട്ട സംഘം പൊലീസിന്റെ വാഹനം ഒരു മണിക്കൂറോളം തടഞ്ഞ് ഡ്യൂട്ടി തടസപ്പെടുത്തിയെന്നാണ് കേസ്.

നിറുത്താതെ പോയ ബൈക്ക് കസ്റ്റഡിയിലെടുക്കാനും വിദ്യാർത്ഥികൾ അനുവദിച്ചില്ല. ഒടുവിൽ പ്രിൻസിപ്പലും മറ്റ് അധികൃതരും എത്തിയതിന് ശേഷമാണ് പൊലീസിന് കാമ്പസിൽ നിന്ന് പുറത്തുകടക്കാനായത്.