തൃശൂർ: ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ റേഷൻ കടകൾ പുതിയ മുഖത്തിലേക്ക് മാറിത്തുടങ്ങി. പൊടിയും മാറാലയും മൂടിയ റേഷൻകടകൾ ഇനി കണ്ടാൽ ആർക്കും പരാതിപ്പെടാം. സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും ഒരേ നിറത്തോടു കൂടി ആധുനികമാകുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ റേഷൻ കടകളും മിനുങ്ങുന്നത്. ജില്ലയിൽ 70 ശതമാനത്തോളം റേഷൻകടകളും പുതിയ നിറത്തിലേക്ക് മാറിക്കഴിഞ്ഞു. അവശേഷിക്കുന്നവ അടുത്ത ദിവസങ്ങൾക്കുള്ളിൽ മാറും. ഈ മാസം 20നുള്ളിൽ മുഴുവൻ കടകളും പുതിയ നിറത്തിലേക്ക് മാറണമെന്നാണ് നിർദ്ദേശം.
നവീകരണത്തോടെ കടയുടെ ഉൾവശവും ഷട്ടറുമെല്ലാം തൂവെള്ള നിറത്തിലാകും. വാതിലിന്റെ ചുറ്റും ചുവപ്പും മഞ്ഞയും കലർന്ന ബോർഡറും ഉണ്ടാകും. ഷട്ടറിൽ അല്ലെങ്കിൽ കതകിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും സ്റ്റിക്കറുകളും ആലേഖനം ചെയ്യണം. സംസ്ഥാന പൊതുവിതരണ കേന്ദ്രം എന്ന ബോർഡും സ്ഥാപിക്കണം. ജി.ഐ ഷീറ്റിൽ വിനയലോ, തുണിയോ ഉപയോഗിച്ച് വേണം ബോർഡ് നിർമ്മിക്കാൻ.
മഞ്ഞയും ചുവപ്പും ഇടക്കലർന്നതാണ് ബോർഡ്. കൂടാതെ, 3:2 വലിപ്പത്തിൽ സ്റ്റോക്ക് ബോർഡിൽ പ്രത്യേകം സ്റ്റിക്കർ പതിക്കണം. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയാണ് ഭൂരിഭാഗം റേഷൻ കടകളും. വാടകച്ചീട്ടിലെ കരാറനുസരിച്ച് ലൈസൻസിക്ക് അറ്റകുറ്റ പണി നടത്താൻ അവകാശമില്ല. ഇതിനാൽ ഉടമ കനിഞ്ഞാൽ മാത്രമേ ലൈസൻസിക്ക് പെയിന്റ് പണി നടത്താനാകൂ. കുറച്ച് കേസുകൾ ഇത്തരത്തിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പണം തികയില്ല
സർക്കാരുകൾ മാറിവരുന്നതിന് അനുസരിച്ച് ഓരോ മന്ത്രിമാർ പരിഷ്‌കാരം ഏർപ്പെടുത്തുകയാണ്. ടി.എച്ച്. മുസ്തഫ ഭക്ഷ്യമന്ത്രിയായിരുന്നപ്പോൾ റേഷൻ കടയ്ക്ക് മുന്നിൽ തണലേകാൻ പന്തൽ നിർമ്മിക്കണമെന്നായിരുന്നു നിർദ്ദേശം. അടൂർ പ്രകാശ് മന്ത്രിയായപ്പോൾ റേഷൻ കട എന്ന പേര് മാറ്റി. ഇപ്പോഴിതാ പുതിയ മാറ്റവും. വെള്ള പെയിന്റടിക്കുന്നത് പ്രായോഗികമല്ല. ചാക്കും അരിയും പൊടിപടലങ്ങളും ധാരാളം കടകളിലുണ്ടാകും. വെള്ള നിറമായാൽ പെട്ടെന്ന് അഴുക്കു പിടിക്കും. സർക്കാർ നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ വരുത്താൻ കുറഞ്ഞത് പതിനായിരം രൂപയാകും. അനുവദിച്ചത് 2,500 രൂപ മാത്രമാണ്. ഇത് അപര്യാപ്തമാണ്
സെബാസ്റ്റ്യൻ ചൂണ്ടൽ, (സെക്രട്ടറി, ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ.)
നടപടി സ്വീകരിക്കും
20നുള്ളിൽ കടകളുടെ മുഖം മിനുക്കാത്ത ലൈസൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നടപടി നേരിടുന്ന റേഷൻ കടകൾ ഒഴികെ ബാക്കിയെല്ലാം നിശ്ചിത സമയത്തിനുള്ളിൽ സർക്കാരിന്റെ ഉത്തരവ് പാലിക്കുമെന്നാണ് കരുതുന്നത്.
അയ്യപ്പദാസ് (ജില്ലാ സപ്‌ളൈ ഓഫീസർ)
ജില്ലയിലെ റേഷൻ കടകളുടെ എണ്ണം 1195
നടപടി നേരിടുന്നവ 80.