തൃശൂർ: കാർഷിക മേഖലയ്ക്ക് കാലാവസ്ഥാ വ്യതിയാന പ്രതിരോധശേഷി നൽകാനാവശ്യമായ ഗവേഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ കാർഷിക സർവകലാശാലാ ജനറൽ കൗൺസിലിന്റെ പ്രത്യേക യോഗം ശുപാർശ ചെയ്തു. പ്രളയാനന്തര കാർഷിക സ്ഥിതി വിലയിരുത്താൻ വിളിച്ചു ചേർത്ത കൗൺസിൽ യോഗത്തിൽ സർവകലാശാല പ്രളയാനന്തര കാർഷിക പുനരുദ്ധാരണത്തിനായി കൈക്കൊണ്ട നടപടികൾ വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്ര ബാബു വിശദീകരിച്ചു. കർഷകരുടെ ബോധവത്കരണത്തിനും അവരെ ശാസ്ത്രീയ വിള പരിപാലന മാർഗങ്ങൾ അവലംബിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുമായി നിരവധി ഉദ്യമങ്ങൾ സർവകലാശാല നടത്തിയതായി അദ്ദേഹം പറഞ്ഞു.
ഓരോ വിളയുടെയും പരിപാലനത്തിനുള്ള നിർദ്ദേശം പുറപ്പെടുവിച്ചതിനൊപ്പം കർഷക സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. വിത്ത്, നടീൽ വസ്തുക്കളും ജൈവോപാധികളും സൗജന്യ നിരക്കിൽ വിതരണം ചെയ്യുകയും സ്‌പോട്ട് വീഡീയോകൾ തയ്യാറാക്കി പ്രചരിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ സുസ്ഥിര ഹരിതവത്കരണം ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിക്കുന്ന കർമപരിപാടികൾക്ക് കാർഷിക സർവകലാശാല സാങ്കേതിക പിന്തുണ നല്കുമെന്നും ഇതിനായി പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും വൈസ് ചാൻസലർ പറഞ്ഞു.
എം.എൽ.എമാരായ കെ. രാജൻ, കെ.വി. വിജയദാസ്, എം. വിൻസന്റ്, ഭരണസമിതി അംഗങ്ങളായ ഡോ.എ. അനിൽ കുമാർ, ഡോ.കെ. അരവിന്ദാക്ഷൻ, ഡോ.ടി. പ്രദീപ് കുമാർ, രജിസ്ട്രാർ ഡോ.പി എസ്. ഗീത കുട്ടി തുടങ്ങിയവർ പങ്കെടുത്തു. കുഞ്ഞമ്മദ് കുട്ടി, പി.കെ ശ്രീകുമാർ, ഡോ.ബി. സുമ, ഡോ. തോമസ് ജോർജ്ജ്, സി.എച്ച്. മുത്തു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു...