ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ ആനയോട്ടത്തിൽ മുൻ നിരയിൽ ഓടുന്നതിനുള്ള ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഗോപി കണ്ണൻ, നന്ദിനി, നന്ദൻ, വിഷ്ണു, അച്ചുതൻ എന്നീ ആനകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. രവി കൃഷ്ണൻ, ഗോപി കൃഷ്ണൻ എന്നീ കൊമ്പന്മാരെ കരുതലായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്നലെ ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകത്തിന് ശേഷം രാവിലെ പതിനൊന്നോടെ കിഴക്കേനടയിൽ വലിയ ദീപസ്തംഭത്തിന് സമീപത്തായിരുന്നു നറുക്കെടുപ്പ്.

ദേവസ്വം ആന വിദഗ്ദ്ധ സമിതി തയ്യാറാക്കിയ പത്താനകളുടെ പട്ടികയിൽ നിന്നാണ് മുൻ നിരയിൽ ഓടുന്നതിനുള്ള ആനകളെ തെരഞ്ഞെടുത്തത്. ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് ആദ്യ നറുക്കെടുത്തു. തുടർന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ഭരണസമിതി അംഗങ്ങളായ എം. വിജയൻ, പി. ഗോപിനാഥൻ, എ.വി. പ്രശാന്ത്, കെ.കെ. രാമചന്ദ്രൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. ശങ്കുണ്ണിരാജ്, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.ആർ. സുനിൽകുമാർ എന്നിവരും നറുക്കെടുപ്പിൽ പങ്കെടുത്തു. ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിക്കുമ്പോഴാണ് മഞ്ജുളാൽ പരിസരത്ത് നിന്നും ആനയോട്ടം ആരംഭിക്കുക. ദേവസ്വം ആനത്തറവാട്ടിലെ 24 ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുന്നത്.