ചെറുതുരുത്തി: മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫിക്ക് തുടർച്ചയായി രണ്ടാം തവണയും വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ജില്ലയിലുള്ള 86 പഞ്ചായത്തുകളിൽ മികച്ച രണ്ടാമത്തെ പഞ്ചായത്തായിട്ടാണ് തിരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 18, 19 തീയതികളിൽ തൃശൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ സമ്മാനിക്കും. പഞ്ചായത്തിന്റെ ചുമതലയിലുള്ള എല്ലാ മേഖലയിലെയും പ്രവർത്തനത്തെ വിലയിരുത്തിയാണ് അവാർഡിന് പരിഗണിക്കുന്നത്.

മികച്ച രീതിയിലുള്ള പദ്ധതി പ്രവർത്തനം ,കൈമാറിക്കിട്ടിയ ഘടക സ്ഥാപനങ്ങളുടെ മികച്ച പരിപാലനം, സ്ത്രീകൾക്കും വയോജനങ്ങൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി നടപ്പിലാക്കുന്ന പ്രൊജക്ടുകൾ, ദുർബല ജനവിഭാഗങ്ങളുടെ പെൻഷന് വേണ്ടി ലഭിക്കുന്ന അപേക്ഷകൾ യഥാസമയം തീർപ്പാക്കൽ, പഞ്ചായത്തിൽ നിന്നും നൽകുന്ന സേവനങ്ങൾ സുതാര്യമായും വേഗത്തിലും ജനങ്ങൾക്ക് ലഭ്യമാക്കൽ, പാലിയേറ്റീവ് പ്രവർത്തനം, ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം, മാലിന്യ സംസ്‌കരണ സംസ്‌കരണരംഗത്തെ നൂതന പദ്ധതികൾ, പൊതുസ്മ ശാനത്തിന്റെ മെച്ചപ്പെട്ട പരിപാലനം, തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്.