ചാലക്കുടി: മൂന്നു വർഷത്തിനിടെ മൂന്നു മഹാ ദുരന്തങ്ങൾക്ക് ഇരയായെങ്കിലും കാർഷിക മേഖലയിൽ ഉത്പാദനം ഉയർത്താനായത് എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയെയാണ് ഉയർത്തിക്കാട്ടുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. പരിയാരം കോടശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നമ്പ്യാർപടി പാലം, കപ്പത്തോട് സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ച കേരളം നേരിടുകയായിരുന്നു. പിന്നീട് ഓഖിയും 2018ൽ മഹാപ്രളയവും സംഭവിച്ചു. എന്നാൽ ഇതിൽ നിന്നെല്ലാം കരകയറാനായത് നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനഫലമായിരുന്നു. സംസ്ഥാനത്തെ കാർഷിക മേഖലയുടെ വികസനം 4.6 മൈനസ് എന്നത് മാറി 3.8 പ്ലസ് എന്ന നിലയിലേക്കെത്തിയത് ചെറിയ കാര്യമല്ലെന്ന് മന്ത്രി തുടർന്നു പറഞ്ഞു.
പാൽ, മുട്ട, പച്ചക്കറി തുടങ്ങിയവയുടെ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനായി. കുടിവെള്ള സ്രോതസുകൾക്ക് സംരക്ഷണം നൽകുന്ന പദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്. കപ്പത്തോടിന്റെ സമഗ്രസംരക്ഷണത്തിന് ഇപ്പോൾ അനുവദിച്ചിരിക്കുന്നത് പത്തു കോടി രൂപയാണ്. ഇനിയും 28 കോടി രൂപ കൂടി അനവദിക്കുകയും ഈ സർക്കാരിന്റെ കാലാവധിക്ക് മുൻപേ പദ്ധതി പൂർത്തീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നമ്പ്യാർപടി പാലത്തിന് സമീപം ചേർന്ന യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ ശശിധരൻ, ജെനീഷ് പി. ജോസ്, വൈസ് പ്രസിഡന്റ് ഷൈനി അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം സി.ജി. സുനി, പി.എ. കുഞ്ചു, ലിജി പോളി എന്നിവർ പ്രസംഗിച്ചു. കെ.എൽ.ഡി.സി എംഡി പി.എസ്. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു.