കുന്നംകുളം: ചരിത്രത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ഒരു നഗരസഭയാണ് കുന്നംകുളം എന്നും ജനങ്ങളോട് പറഞ്ഞ വാക്കുകൾ നിർവഹിക്കുന്ന ഒരു ഭരണസമിതിയാണ് ഇവിടെയുള്ളതെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കുന്നംകുളം നഗരസഭാ പരിധിയിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ചെയ്യുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഗീത ശശി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമ ഗംഗാധരൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിഷ സെബാസ്റ്റ്യൻ, നഗരസഭാ കൗൺസിലർമാരായ കെ.കെ. ആനന്ദൻ, നിഷ ജയേഷ്, ഇന്ദിര ശശികുമാർ, സെക്രട്ടറി കെ.കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
കുന്നംകുളം നഗരസഭാ പരിധിയിലെ 62 വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ 53 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ, 30 പേർക്ക് പഠനമുറി സൗകര്യങ്ങൾ, വിദേശത്ത് ജോലി തേടുന്ന അഞ്ച് പേർക്ക് ഒരു ലക്ഷം രൂപ തുടങ്ങിയവയാണ് വിതരണം ചെയ്തത്.