കൊടുങ്ങല്ലൂർ: രാത്രിയിൽ മാലിന്യം തള്ളി പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നവരെ പിടികൂടാൻ കൗൺസിലറും നാട്ടുകാരും ഉറക്കം കളഞ്ഞത് വിജയം കണ്ടെങ്കിലും സംഭവത്തിൽ പൊലീസ് ഒത്തുകളിച്ചെന്ന് ആക്ഷേപം. അർദ്ധരാത്രിയിൽ മാലിന്യം തള്ളാനെത്തിയവരെ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ പിടി കൂടി പൊലീസിലേൽപ്പിച്ചെങ്കിലും നിസാര പിഴ ചുമത്തി വിട്ടയച്ചെന്നാണ് ആക്ഷേപം. ചന്തപ്പുരയ്ക്ക് വടക്ക് ഭാഗത്തെ അമീർ ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങളുമായി പാതിരാത്രിയിൽ എത്തിയവരാണ് നാട്ടുകാരുടെ പിടിയിലായത്. നഗരസഭയിൽ വയലാറിന് കിഴക്ക് ഭാഗത്തായി കനോലി കനാലിൽ മാലിന്യം നിക്ഷേപിച്ച് പോകാനൊരുങ്ങവേ പിടികൂടിയ നാട്ടുകാർ ഇവർ നിക്ഷേപിച്ചിരുന്ന മാലിന്യ ചാക്കുകൾ പുറത്തെടുപ്പിച്ച് അത് തിരികെ വാഹനത്തിൽ കയറ്റിക്കുകയായിരുന്നു. പൊലീസിനെ വിളിച്ചു വരുത്തി, വാഹനം സഹിതം ഇവരെ കൈമാറി. കനോലി കനാലിലും പൊതുതോടിലുമൊക്കെയുള്ള മാലിന്യ നിക്ഷേപം അസഹനീയമായതോടെയാണ് വാർഡ് കൗൺസിലർ പ്രഭേഷും പ്രദേശവാസികളും ചേർന്ന് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. എന്നാൽ അർദ്ധ രാത്രിയിലുണ്ടായ ഈ സംഭവത്തിലുൾപ്പെട്ടവർ ചെറിയ പിഴ നൽകി, സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി. ഇതുയർത്തിയ പ്രതിഷേധം സി.പി.എം. ലോക്കൽ കമ്മിറ്റി യോഗത്തിലും ഉയർന്നു. മാലിന്യം നിക്ഷേപിക്കാനെത്തിയ സംഘത്തിനെതിരെ മുനിസിപ്പൽ ആക്ട് 340 എ പ്രകാരം കേസെടുക്കേണ്ട പൊലീസ് ഇവർക്കെതിരെ പെറ്റിക്കേസ് ചുമത്തി വിട്ടത് സാമൂഹികദ്രോഹികളെ സംരക്ഷിക്കുന്ന നിലപാടാണെന്ന് യോഗം വ്യക്തമാക്കി. ഇതിനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, ലോക്കൽ സെക്രട്ടറി വി. ശ്രീകുമാർ, കൗൺസിലർ ടി.പി. പ്രഭേഷ്, എൽ.സി അംഗം ടി.കെ. മധു എന്നിവർ സംസാരിച്ചു...