ചേലക്കര: ട്രാക്ടർ നിറുത്തിയിടാൻ തത്കാലത്തേക്ക് വീട്ടുമുറ്റത്ത് ഇടം കൊടുത്തതിന്റെ പേരിൽ നെട്ടോട്ടത്തിലാണ് ഒരു വീട്ടമ്മ. ചേലക്കര പഞ്ചായത്തിലെ 12-ാം വാർഡിലെ കാളിയാറോഡ് മങ്ങാട് കളത്തിൽ സെയ്തുമുഹമ്മദിന്റെ ഭാര്യ ഫാത്തിമയാണ് നെട്ടോട്ടമോടുന്നത്. കഴിഞ്ഞ നാലു വർഷത്തിലേറെയായി ഇവരുടെ വീടിന്റെ മുറ്റത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയുള്ള ട്രാക്ടർ സ്ഥലംമുടക്കി കിടക്കാൻ തുടങ്ങിയിട്ട്.
മുൻ ഭരണസമിതിയാണ് കുട്ടാടൻ പാടശേഖരത്തിനുവേണ്ടി ഈ ട്രാക്ടർ വാങ്ങി കൃഷി ഭവനു കൈമാറുന്നത്. താത്കാലികമായി നിറുത്തിയിടാൻ സൗകര്യം ചെയ്തതാണ് ഫാത്തിമയുടെ വീട്ടുകാർ ചെയ്ത ഉപകാരം. ഇത്രയും വലിയ പാരയായി മാറുമെന്ന് വീട്ടുകാർ സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല. തൊട്ടടുത്ത ദിവസം തകരാർ പരിഹരിച്ച് എടുത്തുകൊണ്ടുപോകാമെന്നതായിരുന്നു നിബന്ധന. ഇന്നുകൊണ്ടുപോകാം നാളെ കൊണ്ടുപോകാമെന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മയുടെ പരാതി.
വെയിലും മഴയും കൊണ്ടുകിടന്നതിനാൽ ചില ഭാഗങ്ങളെല്ലാം തുരുമ്പെടുത്തു നശിച്ചിട്ടുണ്ട്. പഞ്ചായത്തിന് സ്വന്തമായി മാലിന്യവണ്ടിയില്ല. ഇത് റിപ്പയർ ചെയ്ത് ഉപയോഗിക്കാമെന്നൊരു നിർദ്ദേശം പഞ്ചായത്ത് സെക്രട്ടറിക്കു മുന്നിൽ വച്ചിട്ടും യാതൊരു നടപടിയുമായില്ല. ഫാത്തിമ പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ പരാതിയിലും പരിഹാരമുണ്ടായില്ല. സ്ഥലം മുടക്കിക്കിടക്കുന്നതിനാൽ ഈ ഭാഗത്തുള്ള കിണർ പണിക്കാവശ്യമായ കരിങ്കല്ല് ഇറക്കുന്നതിനോ പണികൾ നടത്തുന്നതിനോ സാധിക്കുന്നില്ല.
എത്രയും പെട്ടെന്ന് വാഹനം മാറ്റിയെടുക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം. കേടുപാടുകൾ പരിഹരിച്ചാൽ ട്രാക്ടറിനെ കട്ടപ്പുറത്തു നിന്നും ഇറക്കി ഉപയോഗിക്കാനും കഴിയും.