കയ്പ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സുമേധ പദ്ധതി ഉദ്ഘാടനം മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാറും, വില്ലകളുടെ നിർമ്മാണോദ്ഘാടനം ഇന്നസെന്റ് എം.പിയും സുമേധ അവാർഡ് ദാനവും ആദരിക്കലും ജില്ലാ കലക്ടർ ടി.വി. അനുപമയും നിർവഹിക്കും. ഇ.ടി. ടെസൺമാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പെരിഞ്ഞനം പഞ്ചായത്തിനടുത്തുള്ള പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിലാണ് ചടങ്ങ് .
പദ്ധതികൾ ഇവ
3.27 കോടി രൂപ ചെലവിൽ പെരിഞ്ഞനോർജ്ജം എന്ന പേരിൽ 246 കുടുംബങ്ങൾ പങ്കാളികളായ സോളാർ വൈദ്യുത പദ്ധതി
ഉന്നത വിദ്യാഭ്യാസത്തിനും, സിവിൽ സർവീസ് മത്സര പരീക്ഷകൾക്കും സൗജന്യ പരിശീലനം നൽകുന്ന പദ്ധതിക്കായി പ്രത്യേക കെട്ടിടം ഉദ്ഘാടനം
ക്ലീൻ പെരിഞ്ഞനം പദ്ധതി
കിത്ത് ആൻഡ് കിൻ ഉത്പന്ന വിപണന പദ്ധതി
ബയോഫാർമസി ജൈവ വള കീടനാശിനി വിപണന പദ്ധതി
കൊപ്ര അടർത്തിയെടുക്കുന്ന ആധുനിക യന്ത്രത്തിന്റെ ലോഞ്ചിംഗ്
പ്രളയബാധിതരായ ഭൂരഹിത, ഭവന രഹിതർക്ക് സന്നദ്ധ സംഘടന നൽകുന്ന 18 വീടുകളുടെ നിർമ്മാണോദ്ഘാടനം
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആധുനിക ഗ്യാസ് ക്രിമറ്റോറിയം നിർമ്മാണോദ്ഘാടനം
കുടുംബശ്രീ ഗ്രാമീണ ചന്ത കെട്ടിട നിർമ്മാണോദ്ഘാടനം
സോളാർ പദ്ധതി ഇങ്ങനെ
വീടുകൾക്ക് മുകളിൽ സ്ഥാപിക്കുന്ന സോളാർ പാനലിലൂടെ വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമറിൽ ഗ്രിഡ് ചെയ്യും. ദിവസേന 2,500 യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാനാകും. ഒരു കിലോ വാട്ട് ഉത്പാദിപ്പിക്കാൻ സബ്‌സിഡി കഴിച്ച് 45,500 രൂപയാണ് ഓരോ ഗുണഭോക്താവിനും ചെലവ് വരിക. പെരിഞ്ഞനം സഹകരണ ബാങ്ക് ഇതിന് വായ്പ നൽകും..