കൊടുങ്ങല്ലൂർ: ദേശീയ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ടാറ്റ ടോറസ് ലോറി അർദ്ധരാത്രിയിൽ കടത്തിക്കൊണ്ടു പോയി. ചന്തപ്പുരയ്ക്ക് വടക്ക് ഭാഗത്തെ ഒരു വർക്‌ഷോപ്പിന് സമീപത്ത് നിന്നാണ് പത്ത് ലക്ഷം രൂപ വിലയുള്ള ടോറസ് കടത്തിയത്. ഫിറ്റ്നെസ് ടെസ്റ്റിന് ഹാജരാക്കാനുള്ള പെയിന്റിംഗും മറ്റും പൂർത്തിയാക്കി, ഇലക്ട്രിക്കൽ ജോലികൾ കൂടി പൂർത്തീകരിക്കാൻ എത്തിച്ചതായിരുന്നു കെ.എൽ.40. H 2377 നമ്പറിലുള്ള ലോറി. മതിലകം കഴുവിലങ്ങ് കണിയത്ത് സതീഷ് ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഈ ടോറസ് തിരുവള്ളൂരിലുള്ള നാലുമാക്കൽ ശ്രീഷ് എന്നയാൾക്ക് വിൽപ്പന നടത്താൻ കരാറായതാണ്.
ശ്രീഷ് ആണ് ടെസ്റ്റ് വർക്കിനായി ഇത് വർക്ക്ഷോപ്പിൽ എത്തിച്ചത്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ഇദ്ദേഹവും വർക്ക്ഷോപ്പിലുള്ളവരും വാഹനത്തിന് സമീപത്ത് നിന്നും പോയത്. ലോറിയുടെ താക്കോൽ വർക്‌ഷോപ്പിലായിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടെ ലോറി കൊണ്ടു പോകാനായെത്തിയപ്പോഴാണ് ഇത് അപ്രത്യക്ഷമായത് അറിഞ്ഞത്. ഇതോടെ പൊലീസിൽ പരാതി നൽകി. പുലർച്ചെ നാല് മണിക്കുള്ളിലാണ് ഇത് കടത്തി കൊണ്ടുപോയതെന്നാണ് സൂചന. ലോറിയുടെ ഡ്രൈവർ കാബിന്റെ ഒരു വശത്തെ ഗ്ളാസ് തകർത്താണ് ഡോർ തുറന്നതെന്നാണ് നിഗമനം. വാഹനം കാണാതായത് സംബന്ധിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്.