ഇരിങ്ങാലക്കുട: ആറംഗസംഘത്തിന്റെ മർദ്ദനമേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊറത്തിശ്ശേരി തൈവളപ്പിൽ ക്ഷേത്രത്തിനടുത്ത് ഓട്ടറിട്ട് ചന്ദ്രബാബുവിന്റെ മകൻ വാവ എന്ന് വിളിക്കുന്ന ബിബിനാണ് (32) മരിച്ചത്.
എടക്കുളം റബർ മൂല പരിസരത്ത് വിവേകാനന്ദ നഗറിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തിന്റെ സഹോദരിയുടെ കല്യാണനിശ്ചയത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബിബിനുമായി വാക്കുതർക്കത്തിലായ സംഘം കമ്പിവടി കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ഇരിങ്ങാലക്കുടയിലെ ബാറിന് മുന്നിലുണ്ടായ മർദ്ദനത്തെ തുടർന്നുണ്ടായ മുൻവൈരാഗ്യമാണ് കാരണമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്. ബിബിനോട് പ്രതികൾക്ക് ഏറെ നാളായി വിരോധമുണ്ടായിരുന്നുവെന്നും പറയുന്നു. വെള്ളിയാഴ്ച എടക്കുളത്തുള്ള സുഹൃത്ത് സ്റ്റെഫിനിന്റെ സഹോദരിയുടെ കല്യാണ നിശ്ചയത്തിന്റെ തലേന്ന് നടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണം നടത്തിയ എടക്കുളം സ്വദേശികളായ ആറ് പേർക്കെതിരെ കാട്ടൂർ പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിബിനെ ആദ്യം സഹകരണ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മരിച്ചു. പ്രേമ അമ്മയും പ്രബിൻ സഹോദരനുമാണ്.