തൃശൂർ: ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരുടെ സ്വാഭാവിക വളർച്ചയെ സഹായിക്കുന്ന നയപരിപാടികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്നതെന്നും ബഡ്‌സ് കലോത്സവം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു.മൂന്നാം സംസ്ഥാന തല ബഡ്‌സ് കലോത്സവത്തിന്റെ സമാപന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
33 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തിയ എറണാകുളത്തിനും 21 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്തിനും 30 പോയന്റോടെ മൂന്നാം സ്ഥാനത്തെത്തിയ ഇടുക്കിക്കും അദ്ദേഹം ട്രോഫികൾ വിതരണം ചെയ്തു. അഡ്വ.കെ. രാജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.പി.എസ് ഗീതകുട്ടി, എൻ.ഐ.പി.എം.ആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.ചന്ദ്രബാബു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ് ഉമാദേവി, കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ ജി.എസ് അമൃത, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.വി ജ്യോതിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.