തൃശൂർ: ചെറുകിട നാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ജില്ലയിൽ ആദ്യദിനം അപേക്ഷിച്ചത് 2164 പേർ. 16 ബ്‌ളോക്കുകളിലായുള്ള ജില്ലയിലെ 105 കൃഷി ഭവനിൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ആദ്യഗഡു 2,000 രൂപ 24 മുതൽ കർഷകരുടെ അക്കൗണ്ടിൽ എത്തിത്തുടങ്ങും. താരതമ്യേന കൃഷിക്കാർ കുറവായ ചാവക്കാട് ബ്‌ളോക്കിലാണ് ജില്ലയിൽ കൂടുതൽ അപേക്ഷകർ 509. കുറവ് മുല്ലശേരി ബ്‌ളോക്കിലും (10). കർഷകർ കൂടുതലുള്ള മാള, ചാലക്കുടി എന്നിവിടങ്ങളിൽ അപേക്ഷകരുടെ എണ്ണം കുറവാണ്. നാളെ ലഭിക്കുന്ന അപേക്ഷകൾ മാത്രമാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക.
തുടർന്നും അപേക്ഷകൾ സ്വീകരീക്കുമെങ്കിലും വെബ് സൈറ്റിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സമയമെടുക്കും. അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടും ആധാർ നമ്പറും അനുബന്ധ വിവരങ്ങളും കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ pmkissan.nic.in വെബ് സൈറ്റിലാണ് അപ് ലോഡ് ചെയ്യുന്നത്. മുഴുവൻ കർഷകർക്കും പദ്ധതിയുടെ ഗുണം ലഭിക്കാൻ ഞായറാഴ്ച കൃഷി ഭവനുകൾ തുറന്ന് അപേക്ഷ സ്വീകരിച്ചിരുന്നു. പക്ഷേ വിവരം അറിയാത്തതിനാൽ പലരും കൃഷിഭവനിലെത്തിയില്ല.

ഹർത്താൽ മൂലം ഇന്നലെയും പലർക്കും അപേക്ഷിക്കാനായില്ല. ശനിയാഴ്ച വൈകീട്ടോടെയാണ് കൃഷി ഡയറക്ടറുടെ ഉത്തരവിറങ്ങിയത്. മാധ്യമങ്ങൾ വഴിയോ മറ്റേതെങ്കിലും രീതിയിലോ പദ്ധതിയെക്കുറിച്ച് കൂടുതൽ പേരിലേക്ക് വിവരം എത്തിക്കാനായില്ല. അഞ്ച് ഏക്കറിൽ താഴെ കൃഷി ഭൂമിയുള്ള കുടുംബങ്ങൾക്ക് അപേക്ഷിക്കാം. പ്രത്യേക അപേക്ഷാ ഫോറത്തിനൊപ്പം കർഷകർ സമർപ്പിക്കുന്ന സത്യവാങ്മൂലം പരിഗണിച്ചാണ് ആനുകൂല്യം അനുവദിക്കുന്നത്. പ്രത്യേക പരിശോധനയില്ല. ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമാണ് ആനുകൂല്യം. ഈ വർഷം കരം അടച്ച രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് നിർബന്ധമാണ്.

അർഹരായവർ ഇവർ...

2019 ഫെബ്രുവരി ഒന്നിന് രണ്ട് ഹെക്ടറിൽ കവിയാതെ കൃഷിഭൂമിയുള്ള കർഷകർ.

പ്രതിവർഷം 6000 രൂപ നാലുമാസത്തിലൊരിക്കൽ മൂന്ന് തുല്യഗഡുക്കളായി നൽകും

അപേക്ഷിക്കാൻ യോഗ്യരായവരുടെ വിശദാംശങ്ങൾ അതത് പരിധികളിലെ കൃഷിഭവനുകളിൽ ലഭിക്കും.

ബാങ്ക് പാസ്ബുക്ക്, റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി കൃഷിഭവനുമായി ബന്ധപ്പെടണം

ഞായറാഴ്ച മാത്രം ലഭിച്ച അപേക്ഷകൾ 2164

..........................................

കൂടുതൽ കർഷകർ അറിഞ്ഞുവരുന്നതേയുള്ളൂ. അപേക്ഷകരുടെ തള്ളിക്കയറ്റം ഇന്നുണ്ടായേക്കാം. ഷൈനി ജേക്കബ് (ഡെപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസ്, തൃശൂർ)