എരുമപ്പെട്ടി: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താൽ എരുമപ്പെട്ടി മേഖലയിൽ പൂർണ്ണം. എരുമപ്പെട്ടി, വേലൂർ, കടങ്ങോട് പഞ്ചായത്തുകളിൽ വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്.
യൂത്ത് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് എം.എം. സലീം, മണ്ഡലം പ്രസിഡന്റ് യദുകൃഷ്ണൻ, ഫ്രിജോ കുണ്ടന്നൂർ, സി.കെ. പ്രസാദ്, പി.എസ്. സുനീഷ്, ഗോപികൃഷ്ണൻ, എം.കെ. രഘു, കെ.കെ. ജോസഫ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധയോഗം യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അമ്പലപ്പാട്ട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ. ജോസ്, ടി.എൻ. നമ്പീശൻ, പി.എസ്. മോഹനൻ, കെ. ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു. കടങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. സുലൈമാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിപിൻ കെ. മോഹൻ, റഫീക്ക് പന്നിത്തടം, അക്ബർ അലി, ഷറഫു പന്നിത്തടം എന്നിവർ നേതൃത്വം നൽകി.
വേലൂരിൽ നടത്തിയ പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. കേശവൻ, നിധീഷ് ചന്ദ്രൻ വട്ടം പറമ്പിൽ, പി.കെ. ശ്യാംകുമാർ, സ്വപ്ന രാമചന്ദ്രൻ, അനിൽകുമാർ, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.