autorikshaw
ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്ത ഓട്ടോ റിക്ഷയ്ക്കരികിൽ നാടക കൃത്ത് ഇന്ദ്രൻ മച്ചാടും ഡ്രൈവർ ഷാരൂഖാനും

എരുമപ്പെട്ടി: ഹർത്താലിനിടെ വേലൂരിൽ പ്രശസ്ത നാടക കൃത്തും സംവിധായകനുമായ ഇന്ദ്രൻ മച്ചാടിന് നേരെ ആക്രമണം. അദ്ദേഹം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ അടിച്ച് തകർത്തു. ഇന്നലെ രാവിലെ നടന്ന പ്രകടനത്തിനിടയിലാണ് അക്രമമുണ്ടായത്.

വേലൂർ ഗ്രാമകം നാടകോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രിയിൽ നടന്ന നാടകത്തിൽ പങ്കെടുത്ത് ഇന്നലെ രാവിലെ മച്ചാടുള്ള വീട്ടിലേക്ക് പോകുകയായിരുന്നു ഇന്ദ്രൻ മച്ചാട്. പ്രകടനം വരുന്നത് കണ്ട് ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കി നിറുത്തിയിട്ടിരിക്കുകയായിരുന്നു. പ്രകടനം അടുത്തെത്തിയപ്പോൾ പിൻനിരയിലുണ്ടായിരുന്ന പ്രവർത്തകർ ഓട്ടോ ഡ്രൈവർ തെക്കുംക്കര സ്വദേശി ഷാരൂഖാനെ കൈയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായി. ഇത് കണ്ട ഇന്ദ്രൻ മച്ചാട് നാടക പ്രവർത്തകനാണെന്നും വേലൂരിൽ നാടകം കാണാൻ എത്തിയതാണെന്നും അറിയിച്ചപ്പോൾ ഓട്ടോറിക്ഷയുടെ ചില്ല് അടിച്ച് തകർക്കുകയും ഇന്ദ്രൻ മച്ചാടിനെ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചിറക്കി കൈയേറ്റം ചെയ്യുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തിയാണ് ഡ്രൈവറെയും ഇന്ദ്രൻ മച്ചാടിനേയും രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ എരുമപ്പെട്ടി പൊലീസ് കേസെടുത്തു.