തൃശൂർ: കേരളത്തിൽ പ്രവർത്തിക്കുന്ന എക്‌സ്‌റേ, കാത്ത് ലാബ്, സി.ടി സ്‌കാൻ തുടങ്ങിയ റേഡിയോഗ്രഫി ലാബുകളിൽ 50 എണ്ണം അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. എട്ടെണ്ണം അടച്ചുപൂട്ടി സീൽ ചെയ്തു. കോടതി ഉത്തരവനുസരിച്ച് 207 ലാബുകൾ പരിശോധിച്ചപ്പോൾ ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്തവയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാക്കാത്തവയുമാണെന്ന് കണ്ടെത്തിയവയാണ് ഇവ. സംസ്ഥാനത്ത് 4,042 കേന്ദ്രങ്ങളാണ് സർക്കാർ കണക്കിലുള്ളത്. ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡ് നൽകിയ വിവരാവകാശ രേഖയിലാണ് ഈ വിവരം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് സമർപ്പിച്ച അപേക്ഷയിലാണ് റെഗുലേറ്ററി ബോർഡ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിൽ പന്ത്രണ്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധന നടത്താൻ സർക്കാർ മുടക്കിയ തുക 1.48 ലക്ഷം രൂപയാണ്. ഈ നിരക്കനുസരിച്ചാണെങ്കിൽ കേരളത്തിലെ മുഴുവൻ റേഡിയോളജി കേന്ദ്രങ്ങളും പരിശോധിക്കാൻ 29 ലക്ഷം രൂപ ചെലവാകും. ഇന്ത്യയിൽ 61,486 റേഡിയേഷൻ ഉപകരണങ്ങൾ ഉണ്ടെന്നാണ് കണക്ക്. കേരള സർക്കാരിന്റെ ഡയറക്ടറേറ്റ് ഒഫ് റേഡിയേഷൻ സോഫ്റ്റ് ഡെവലപ്‌മെന്റ് പരിശോധന നടത്തുമ്പോൾ ചെലവ് വളരെ കുറവാണ്. കരാർ കാലാവധി കഴിഞ്ഞതിനാൽ ഏതാനും വർഷമായി ലാബുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് പരിശോധന നടക്കുന്നില്ല. അമിത റേഡിയേഷൻ മൂലം കാൻസർ പോലുള്ള രോഗങ്ങൾക്ക് ഇടയാക്കും. ഉപകരണങ്ങൾ പരിശോധിക്കാനുള്ള അധികാരം എടുത്ത് കളഞ്ഞ നടപടി റദ്ദാക്കാനായി ഹൈക്കോടതിയിൽ ബോധിപ്പിച്ച ഹർജി വാദം കേൾക്കുന്നതിന് കോടതി അവധിക്ക് വച്ചിരിക്കുകയാണ്...