തൃശൂർ : പ്രളയക്കെടുതിയിൽ പണം ലഭ്യമാക്കേണ്ട എല്ലാ ഗുണഭോക്താക്കൾക്കും അടിയന്തരമായി തുക ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
2018 ലെ പ്രളയക്കെടുതിയിൽ ആശ്വാസ ധനസഹായം ലഭിച്ചില്ലെന്ന പരാതി പല സന്ദർഭങ്ങളിലും ഉണ്ടായിട്ടുള്ളതായി കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
ധനസഹായം ലഭ്യമാക്കാൻ കാലതാമസം പാടില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാണിച്ചു. പ്രളയത്തിൽ വീട് ഭാഗികമായി തകർന്ന കൊടുങ്ങല്ലൂർ മേത്തല സ്വദേശി കെ.ആർ സതീഷ് കുമാർ നൽകിയ പരാതിയിലാണ് ഉത്തരവ്. കമ്മിഷൻ ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പ്രളയക്കെടുതിയുടെ അശ്വാസ സഹായമായ 10,000 രൂപയ്ക്ക് അർഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്താൻ ബൂത്ത് ലെവൽ ഓഫീസർമാരെയാണ് നിയോഗിച്ചിരുന്നതെന്നും എന്നാൽ പരാതിക്കാരനെ കണ്ടെത്താൻ ബി.എൽ.ഒയ്ക്ക് കഴിയാത്തത് കാരണമാണ് ധനസഹായം ലഭ്യമാക്കാൻ വൈകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് നമ്പർ ബൂത്ത്‌ലെവൽ ഓഫീസർ ലഭ്യമാക്കിയ ഉടനെ 10,000 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. വിവരശേഖരണത്തിലും ഡാറ്റാ എൻട്രിയിലും അപാകത സംഭവിച്ചതിനാൽ കാലതാമസം വന്നിട്ടുണ്ടെന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാകുന്നു. അർഹമായ ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിക്കാൻ നടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.