പുതുക്കാട്: നിവേദനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും റെയിൽവേ അധികൃതർ ചെവി കൊടുത്തപ്പോൾ പുതുക്കാട് റെയിൽവേ സ്റ്റേഷന്റെ സൗകര്യം വർദ്ധിപ്പിച്ച് മുഖം മിനുക്കി. പ്ലാറ്റ്ഫോമിന് ഉയരക്കുറവ് മൂലം ട്രെയിനിൽ കയറാനും ഇറങ്ങാനുമുള്ള പ്രയാസത്തിന് പരിഹാരമായി. പ്ലാറ്റ്ഫോമുകളുടെ ഉയരം വർദ്ധിപ്പിച്ചതാണ് എറെ ആശ്വാസമായത്.
ഒന്നാം നമ്പർ പ്ലാറ്റ് ഫാമിൽ 24 കോച്ചുകൾക്ക് നിൽക്കാൻ സൗകര്യമുണ്ടെങ്കിലും രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് 14 കോച്ചുകൾ മാത്രം ഉൾക്കൊള്ളാനേ കഴിയൂ. പ്ലാറ്റ്ഫോമിൽ കൂടുതൽ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വിശ്രമമുറി ചായം തേച്ച് ചിത്രങ്ങൾ വരച്ച് ആകർഷകമാക്കി. സ്റ്റേഷനിൽ സജ്ജമാക്കിയ ബ്ലൂ ടൂത്ത് കൺട്രോൾഡ് കോച്ച് പൊസിഷൻ ബോർഡ് 22ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ സമർപ്പിക്കും.
ജനറൽ മാനേജരുടെ സന്ദർശനത്തിന് മുമ്പ് മുഖം മിനുക്കൽ പൂർത്തീകരിക്കും. വിദ്യ എൻജിനിയറിംഗ് കോളജിലെ അവസാന സെമസ്റ്റർ ഇലക്ടോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിലെ വിദ്യാർത്ഥിനിയായ ആർ. ആര്യയാണ് കോച്ച് പൊസിഷൻ ബോർഡ് വികസിപ്പിച്ചെടുത്തത്.
ഇനി വേണ്ടത്
ഫ്ലാറ്റ്ഫോമുകൾ ബന്ധിപ്പിച്ച് ഫുട്ട് ഓവർ ബ്രിഡ്ജ്
രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുക
പ്ലാറ്റ്ഫോമിന് മേൽക്കൂര നിർമ്മിക്കുക
സ്റ്റോപ്പ് വേണം
ഗുരുവായൂർ - തിരുവനന്തപുരം ഇന്റർ സിറ്റി എക്‌സ്‌പ്രസുകൾ, പാലക്കാട് - തിരുനെൽവേലി, പാലരുവി എക്‌സ്‌പ്രസ് എന്നീ ടെയിനുകൾക്കു കൂടി സ്റ്റോപ്പ് എന്നിവയാണ് അടിയന്തരമായി പുതുക്കാടിന് വേണ്ടത്. സ്റ്റേഷൻ സന്ദർശിക്കുന്ന ജനറൽ മാനേജർക്ക് ഇതുസംബന്ധിച്ച് ടെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ നിവേദനം നൽകും.
മുഖം മിനുക്കൽ
പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് പരിഹരിച്ചു
പ്ലാറ്റ്ഫോമിൽ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചു
കോച്ച് പൊസിഷൻ ബോർഡ് സമർപ്പണം 22ന്