എരുമപ്പെട്ടി: വേലൂർ ഗ്രാമകം നാടകോത്സവത്തിന്റെ പ്രചരണാർത്ഥം വെള്ളാറ്റഞ്ഞൂരിൽ നസ്രാണിയുവാവും ഗൗളി ശാസ്ത്രവുമെന്ന നാടകം അരങ്ങേറി. ഇഫ് ക്രിയേഷന്റെ ബാനറിൽ സക്കറിയയുടെ കഥയെ ആസ്പദമാക്കി പ്രശസ്ത നാടക പ്രവർത്തകൻ പ്രബലൻ വേലൂരാണ് രംഗാവിഷ്‌കാരവും സംവിധാനവും നിർവഹിച്ചത്.
മേഖലാ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വെള്ളാറ്റഞ്ഞൂർ അനുരഞ്ജന ക്ലബ്ബിന്റെ സഹകരണത്തോടെ ഫാൽക്കൺ ഗ്രൗണ്ടിലാണ് നാടകം അവതരിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ് പ്രമുഖ സിനിമാ നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.സി. രവീന്ദ്രൻ അദ്ധ്യക്ഷനായി. മുൻകാല നാടകപ്രവർത്തകരായ മൂത്തമന പരമേശ്വരൻ നമ്പൂതിരി, കെ.വി. ജോസ്, സി. ബാലകൃഷ്ണൻ നായർ, എം.ജി.എസ്. നായർ, വി.വി. മാധവൻ, പി.എ. ലൂയിസ്, പി.സി. ദേവകി, പ്രശസ്ത ഭരതനാട്യം നർത്തകി നിഷ ഗിൽബർട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ എൽസി ഔസേപ്പ്, എൻ.ഡി. സിമി ടീച്ചർ, ഗ്രാമകം സംഘാടക സമിതി ചെയർമാനും കലാമണ്ഡലം നിള കാമ്പസ് ഡയറക്ടറുമായ ഡോ. വി.കെ. വിജയൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.