ചാലക്കുടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താൽ ചാലക്കുടിയിൽ പൂർണ്ണം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് അതിക്രമിച്ച് കടന്ന 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ തുറന്നു പ്രവർത്തിച്ച കടകൾ കോൺഗ്രസ് പ്രവർത്തകർ അടപ്പിക്കുകയായിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലായി രാവിലെ തുറന്ന കടകളാണ് അടപ്പിച്ചത്. എല്ലാ പെട്രോൾ പമ്പുകളും രാവിലെ തുറന്നിരുന്നു. എന്നാൽ ബൈക്കിലെത്തിയ കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിർബന്ധിപ്പിച്ച് അടപ്പിച്ചു. സർവീസ് നടത്തിയ സ്വകാര്യ ബസുകളെയും ഇവർ തടഞ്ഞു. ഏതാണ്ട് പത്തു മണിയോടെയാണ് കടകെളെല്ലാം അടപ്പിച്ചത്. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ആട്ടോറിക്ഷ, ടാക്‌സി കാർ എന്നിവയും നിരത്തിലിറങ്ങിയില്ല. പിന്നീട് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്ജ്, മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ, വി.ഒ. പൈലപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.