ചാലക്കുടി: കനകമല മിനി നഗറിലെ കനാൽ പാലത്തിന് ശാപമോക്ഷം. ആറ് പതിറ്റാണ്ട് പഴക്കമുള്ള പാലമാണ് സംസ്ഥാന സർക്കാർ പുതുക്കി നിർമ്മിക്കാൻ അനുമതി നൽകിയത്. ഇറിഗേഷൻ വകുപ്പ് ഇതിനായി 21 ലക്ഷം രൂപയാണ് അനുവദിച്ചത്. പാലത്തിന്റ ശോചനീയാവസ്ഥ കണക്കിലെടുത്ത് ബി.ഡി. ദേവസി എം.എൽ.എയാണ് ഇതിന് ശ്രമങ്ങൾ നടത്തിയത്.
തുമ്പൂർമുഴി വലതുകര കനാൽ രൂപംകൊണ്ട് 1956ലായിരുന്നു ചാലക്കുടി കനകമല റോഡിൽ വീതികുറഞ്ഞ പാലം നിർമ്മിച്ചത്. കാലപ്പഴക്കം പാലത്തിന്റെ അടിത്തറയിളക്കിയപ്പോൾ നാട്ടുകാർ അങ്കലാപ്പിലായി. കൈവരികളും മുകളിലെ ഒരുഭാഗവും ഇതിനകം തകർന്നുകഴിഞ്ഞിരുന്നു. കവുങ്ങിൽ വടികളാൽ കൈവരികൾ കെട്ടി നിറുത്തിയത് ദയനീയ കാഴ്ചയുമായി.
പുതിയപാലത്തിനുള്ള ശ്രമം നേരത്തെ തുടങ്ങിയെങ്കിലും പ്രളയത്തിന്റെ വരവോടെ താത്കാലികമായി അതു നിലയ്ക്കുകയും ചെയ്തു. വീതിയേറിയ പുതിയ പാലം നിർമ്മിക്കുമെന്ന് അറിഞ്ഞതോടെ നാട്ടുകാർ ആഹ്ലാദത്തിലാണ്. 12 ബസുകൾ സർവീസ് നടത്തുന്ന പ്രസ്തുത റോഡ് നൂറുകണക്കിന് ആളുകൾക്ക് സഞ്ചാര മാർഗവുമാണ്.