ചാലക്കുടി: തൃശൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാലയായി അന്നനാട് ഗ്രാമീണ വായനശാലയെ ലൈബ്രറി കൗൺസിൽ തിരഞ്ഞെടുത്തു. ചാലക്കുടി താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരവും വായനശാലയ്ക്ക് ലഭിച്ചിരുന്നു. ഗ്രന്ഥശാലകൾ സമൂഹത്തിൽ നടത്തിയ ഇടപെടൽ പരിശോധിച്ചാണ് അംഗീകാരം. സാഹിത്യചർച്ചകൾ, കാവ്യാവതരണങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിവ നടത്തുന്ന വായനശാല കാടുകുറ്റി പഞ്ചായത്തിന്റെ സാംസ്കാരിക മുഖമാണ്.
1937ൽ സ്ഥാപിതമായ ഗ്രന്ഥശാല 2018ൽ അശീതി ആഘോഷം സംഘടിപ്പിച്ചു. 2016ൽ സർക്കാർ സംവിധാനങ്ങളുടെയും ജനകീയ പിന്തുണയോടും കൂടി പുതിയ കെട്ടിടം നിർമ്മിച്ചു. ഇതോടെ വായന ശാലയ്ക്ക് രണ്ട് കെട്ടിടമായി. 12000ൽ അധികം പുസ്തകങ്ങളും അഞ്ഞൂറോളം അംഗങ്ങളുമുണ്ട് ഈ സാംസ്‌കാരിക കേന്ദ്രത്തിന്. കാടുകുറ്റി പഞ്ചായത്തിലെ ആദ്യ സൗജന്യ വൈഫൈ കേന്ദ്രം കൂടിയാണ്. ഗ്രന്ഥശാല സംഘം പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്ന എന്റെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തു പെട്ടി എന്ന പദ്ധതിയും, ഇ - വിജ്ഞാന സേവന കേന്ദ്രം തുടങ്ങിയ സംസ്ഥാന തല പദ്ധതികളും വായനശാലയിൽ സജീവമാണ്.

വായന സജീവമാക്കാനായി മികച്ച വായനശാല പ്രവർത്തകൻ, ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച വ്യക്തിക്കും ബാലവേദി അംഗത്തിനും അന്നനാട് ഗ്രാമീണ വായനശാല പുരസ്‌കാരം എന്ന പേരിൽ അവാർഡുകൾ 2016 മുതൽ എല്ലാവർഷവും നൽകുന്നുണ്ട്. നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ കഴിവുകൾ വളർത്തുന്നതിനായി ഗ്രാമബന്ധു എന്ന പേരിൽ പുസ്തകം പുറത്തിറക്കുന്നുണ്ട്. കൈയെഴുത്ത് മാസിക ആയി തുടങ്ങിയ ഗ്രാമബന്ധുവിന്റെ 1956 ലെ പ്രതികൾ പോലും വായനശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.
കുട്ടികളെ വായനയിലേക്ക് അടുപ്പിക്കുന്നതിനായി വായനശാലയിൽ ശക്തമായ ബാലവേദി വിഭാഗവുമുണ്ട്. ക്വിസ് മത്സരങ്ങൾ, പുസ്തക ചർച്ചകൾ, മത്സരങ്ങൾ, പഠനയാത്രകൾ 5 മുതൽ 8 വയസ് വരെയുള്ള കുട്ടികൾക്ക് മലയാള ഭാഷാ പഠനം, വാനനിരീക്ഷണ ക്ലാസുകൾ എന്നിങ്ങനെ വിവിധ പരിപാടികളും നടത്തി വരുന്നു.

കേരളത്തിലെ വായനശാലകളിൽ ഗ്രന്ഥശാലാ പ്രസ്ഥാനം ഔദ്യോഗികമായി ചലച്ചിത്ര കൂട്ടായ്മകൾ രൂപികരിക്കുന്നതിന് 5 വർഷം മുൻപ് തന്നെ അന്നനാട് വായനശാല ഫ്രെയിംസ് ഫിലിം സൊസൈറ്റി രൂപീകരിക്കുകയും ചലച്ചിത്ര മേള നടത്തിവരികയും ചെയ്തു. പ്രതിമാസ ചലച്ചിത്ര പ്രദർശനങ്ങൾക്ക് പുറമെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് അന്നനാട് എന്ന പേരിൽ തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും ചലച്ചിത്ര അക്കാഡമിയുടെയും സഹകരണത്തോടെ രാജ്യന്തര ചലച്ചിത്ര മേളയും സംഘടിപ്പിച്ചുവരുന്നു. കെ.എസ്. പ്രദീപ് പ്രസിഡന്റും കെ.എൻ. ഉണ്ണിക്കൃഷ്ണൻ സെക്രട്ടറിയായ ഭരണസമിതി ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.