തൃശൂർ: പ്രളയത്തിനു ശേഷം ശക്തമായ വേനൽ ഉണ്ടായേക്കുമെന്ന ആശങ്കകളെ സാധൂകരിച്ച് ജില്ലയിൽ കൊടും ചൂട്. അതേസമയം, കാലാവസ്ഥാവ്യതിയാനം വ്യക്തമാക്കി രാത്രികാല താപനിലയിൽ പ്രവചനാതീതമായ ഏറ്റക്കുറച്ചിലുമുണ്ട്. ഉച്ചനേരത്ത് വെയിൽ കൊളളുന്നവർക്ക് സൂര്യാഘാതവും ഉണ്ടാകുന്നുണ്ട്. എന്നാൽ ഇത് റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ വെബ്സൈറ്റിൽ 34.7 ഡിഗ്രിയാണ് തൃശൂരിൽ രേഖപ്പെടുത്തിയത്. എന്നാൽ നഗരത്തിൽ രണ്ടോമൂന്നോ ഡിഗ്രി കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ടെന്നാണ് കാലാവസ്ഥാവിദഗ്ദ്ധരുടെ നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് മുണ്ടൂർ ഐ.ആർ.ടി.സി.യിലെ താപമാപിനിയിൽ 39 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേദിവസം 36 ഡിഗ്രി സെൽഷ്യസായിരുന്നു അവിടെ രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരി അവസാനം അനുഭവപ്പെട്ട താപനിലയാണ് ഇത്തവണ തൃശൂരിലും ഫെബ്രുവരി പകുതിയാകുമ്പോഴേക്കും അനുഭവപ്പെടുന്നത്.
25.6 ഡിഗ്രി സെൽഷ്യസാണ് രാത്രിയിൽ അനുഭവപ്പെടുന്ന ചൂട്. എന്നാൽ ഇത് പ്രവചനാതീതമായി മാറിമറിയുന്നുണ്ട്. ചില ദിവസങ്ങളിൽ അപ്രതീക്ഷിതമായി മഞ്ഞും അനുഭവപ്പെടുന്നുണ്ട്. ചൂട് കൂടിയതോടെ വേനൽക്കാല രോഗങ്ങളും കൂടുതലായി. കൂടിയ അളവിൽ ശുദ്ധജലവും മറ്റു പാനീയങ്ങളും കുടിച്ച് രോഗങ്ങളെ പ്രതിരോധിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം.
കൂടുതൽ വെളളം രക്തചംക്രമണത്തെ മന്ദഗതിയിലാക്കുന്നു. അതുവഴി ചൂട് മറ്റിടത്തേക്ക് പകരുന്നത് സാവധാനമാക്കും. ത്വക്ക് വഴിയാണ് അധികതാപം കളയുന്നത്. വിയർക്കുന്നത് ഇതിനുവേണ്ടിയാണ്. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽനിന്ന് ചൂടുകാലത്ത് അര ലിറ്റർമുതൽ ഒരു ലിറ്റർവരെ ജലം വിയർത്തുപോകുന്നുണ്ട്. ഇതുകൊണ്ടാണ് ശരീരതാപനില നിയന്ത്രിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നത്.
സൂര്യാഘാതം
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സംനേരിടുകയും ചെയ്യുന്നു. ഇതേത്തുടർന്ന് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഈ അവസ്ഥയാണ് സൂര്യാഘാതം.
ലക്ഷണങ്ങൾ
*ഉയർന്ന ശരീരതാപം.
*വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം.
*ശക്തിയായ തലവേദന, തലകറക്കം
*അബോധാവസ്ഥ
പ്രതിരോധിക്കാം
ധാരാളം വെള്ളംകുടിച്ചും വിയർപ്പ് കൂടുതലുള്ളവർ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങവെള്ളവും കഴിച്ചും സൂര്യാഘാതത്തേയും മറ്റും പ്രതിരോധിക്കാം.
വെയിലത്ത് ജോലിചെയ്യുന്നവർ ജോലിസമയം ക്രമീകരിക്കണം. കുട്ടികളും വൃദ്ധരും വെയിലേൽക്കരുത്.
ഡോ.ടി.വി.സതീശൻ (ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം)
ചിക്കൻപോക്സ് നിയന്ത്രണവിധേയം
ഏതാനും വർഷങ്ങളായി കേരളത്തിൽ ചിക്കൻപോക്‌സ് വ്യാപകമാണെങ്കിലും തൃശൂരിൽ താരതമ്യേന കുറവാണ്. ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സൂര്യതാപത്തിനെതിരേ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പകൽ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം.
ഡോ.കെ.ജെ.റീന (ഡി.എം.ഒ.)