തൃശൂർ: ലഹരിക്കെതിരെയുള്ള വിമുക്തി മിഷന്റെയും എക്‌സൈസ് വകുപ്പിന്റെയും പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിന്റെ ശ്രദ്ധ കൊണ്ടുവരുന്നതിന് സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളെയും പങ്കാളികളാക്കി സംസ്ഥാന സർക്കാരിന്റെ ലഹരി വർജ്ജന മിഷൻ വിമുക്തി, സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ മാർച്ച് മൂന്നിന് കോർപറേഷൻ സ്റ്റേഡിയത്തിൽ 'വിമുക്തി തൃശ്ശിവപേരൂർ സമ്മർ മാരത്തൺ' എന്ന പേരിൽ ഹാഫ് മാരത്തണും, ഫൺ റണ്ണും സംഘടിപ്പിക്കുന്നു.
യുവജനങ്ങളുടെ കായികശേഷിയെ നശിപ്പിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ യുവാക്കളെയും വരുംതലമുറയെയും ഉദ്‌ബോധിപ്പിക്കുന്നതിനും 'കായിക ശേഷിയാണ് ലഹരി' എന്ന കാര്യം യുവാക്കളിൽ എത്തിക്കുന്നതിനും വേണ്ടി ഒരുക്കുന്ന പരിപാടി രാവിലെ 5.30 ന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് താണിക്കുടത്ത് എത്തി തിരികെ സ്റ്റേഡിയത്തിൽ സമാപിക്കും. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്യും.
രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും : www.vimukthimarathon.kerala.gov.in
ഹാഫ് മാരത്തൺ മത്സരം മാർച്ച് മൂന്നിലെ മത്സരത്തിൽ വിജയിക്കുന്ന വനിതാ പുരുഷ വിഭാഗത്തിലുള്ള 1 മുതൽ 10 വരെ സ്ഥാനക്കാർക്ക് സമ്മാനം നല്കും. ഒന്നാം സമ്മാനം 15000രൂപ, രണ്ടാം സമ്മാനം10000, മൂന്നാം സമ്മാനം 5000, നാലാം സമ്മാനം 2500, അഞ്ചാം സമ്മാനം 2500, ആറ് മുതൽ 10 വരെ 1000 എന്നിങ്ങനെയാണ് നൽകുക.
മാരത്തണിൽ ആദ്യം ഫിനിഷ് ചെയ്യുന്ന 250 പേർക്ക് മെഡലുകൾ സമ്മാനിക്കും. ഫൺ റൺ രാവിലെ 6.30 .ന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് തിരികെ സ്റ്റേഡിയത്തിൽ സമാപിക്കും. ഫൺ റണ്ണിൽ പങ്കെടുക്കുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകും. മാരത്തോൺ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.vimukthimarathon.kerala.gov.in എന്ന വെബ് സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും, കോർപറേഷന്റെയും സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഭാഗമായി വിവിധ കലാകായികസാംസ്‌കാരിക പരിപാടികൾ നടക്കും. വിവരങ്ങൾക്ക്: 0487-2361237.