​​മാള: അനധികൃത ചിട്ടി സ്ഥാപനങ്ങളുടെ പ്രലോഭനങ്ങളിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി രജിസ്ട്രേഷൻ വകുപ്പ്. അനധികൃത ചിട്ടികളെ കുറിച്ച് പരാതി ലഭിച്ചാലും വകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് വീണ്ടും മുന്നറിയിപ്പ് നൽകുന്നത്. നിയമങ്ങൾ കർശനമാകുമ്പോഴും പാലിക്കാതെ നടക്കുന്ന ചിട്ടികൾ പൊട്ടുന്നതും നിരവധി പേർ വഞ്ചിതരാകുന്നതും പതിവാകുന്നുണ്ട്.

കേന്ദ്ര ചിട്ടിനിയമം പ്രാബല്യത്തിൽ വന്നിട്ട് ആറ് വർഷമായിട്ടും പൊതുജനങ്ങളുടെ അജ്ഞത മുതലെടുക്കുകയാണ് തട്ടിപ്പുകാരെന്ന് ചിട്ടി രജിസ്ട്രാൾ പറയുന്നു. കെ.എസ്.എഫ്.ഇ അടക്കം 1982ലെ കേന്ദ്ര ചിട്ടി നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

ചിട്ടിക്കമ്പനികളുടെ കടമ്പ

ചിട്ടി നിയമപ്രകാരം ആവശ്യമായ പ്രവർത്തന മൂലധനമുള്ള കമ്പനികൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന ചിട്ടിയുടെ സല തുക അസിസ്റ്റന്റ് രജിസ്ട്രാറുടെ പേരിൽ ഡെപ്പോസിറ്റ് ചെയ്ത് അപേക്ഷ സമർപ്പിച്ചാൽ മാത്രമേ ആവശ്യമായ പരിശോധനകൾക്ക് ശേഷം ചിട്ടി തുടങ്ങുന്നതിന് ആവശ്യമായ അനുമതി ജില്ലാ രജിസ്ട്രാർ നൽകുകയുള്ളൂ. അനുമതി ലഭിച്ചാൽ 12 മാസത്തിനുള്ളിൽ ചിട്ടി ആരംഭിച്ചിരിക്കണം. ഒരോ ചിട്ടികളിലും വരിക്കാർ തികഞ്ഞാൽ ആ ചിട്ടി സലയുടെ അഞ്ചര ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി കെട്ടി ആവശ്യമായ ഫീസും അടച്ച് അതത് സബ് രജിസ്ട്രാർ ഓഫീസിൽ റജിസ്റ്റർ ചെയ്യണം.

വ്യാജൻമാരെ തിരിച്ചറിയാം

എല്ലാവിധ കണക്കുകളും സമയാധിഷ്ഠിതമായി ഫയൽ ചെയ്യേണ്ടതുമുണ്ട്. അങ്ങനെ രജിസ്റ്റർ ചെയ്യുന്ന ചിട്ടികൾക്ക് കൈപ്പടയിൽ രജിസ്റ്റർ നമ്പർ എഴുതി ഒന്നാം പേജിൽ ഗവ. മുദ്ര പതിപ്പിച്ച് ചിട്ടി കൈപ്പട ഒരോ വരിക്കാരനും ലഭിക്കും. ഗവ. മുദ്ര പതിപ്പിക്കാത്ത കൈപ്പടയാണെങ്കിൽ അത് വ്യാജ ചിട്ടിയാണെന്ന് മനസ്സിലാക്കാം. ചില സ്ഥാപനങ്ങൾ ഒരു ചിട്ടി രജിസ്റ്റർ ചെയ്ത് അനേകം വ്യാജ ചിട്ടികൾ ആരംഭിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. 2012ൽ കേന്ദ്ര ചിട്ടി നിയമം കേരളത്തിൽ നടപ്പാക്കിയപ്പോൾ പുതിയ തസ്തികകൾ നിയമിക്കാത്തതിനാൽ അധിക ജോലിഭാരമായിട്ടാണ് ഉദ്യോഗസ്ഥർ കാണുന്നത്. പരാതി നൽകിയാലും ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ രജിസ്ട്രേഷൻ വകുപ്പിന് കർശന നടപടി സ്വീകരിക്കുവാൻ സാധിക്കുന്നില്ല. ഇതു തന്നെയാണ് വ്യാജ ചിട്ടികൾ വളരുന്നതിനും കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ശ്രദ്ധിക്കൂ

ചിട്ടികൾ ആരംഭിക്കണമെങ്കിൽ സ്ഥാപനം നിയമപരമായി പ്രവർത്തിക്കുന്ന കമ്പനികളായിരിക്കണം

സ്വകാര്യ വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ സലയുള്ള ചിട്ടികൾ മാത്രമേ തുടങ്ങുവാൻ കഴിയൂ

നിയമപ്രകാരം ചിട്ടി സ്ഥാപനങ്ങളിൽ സ്വർണ്ണ പണയം, വായ്പ കൊടുക്കൽ എന്നിവ അനുവദനീയമല്ല

ഡെപ്പോസിറ്റായി പണം സ്വീകരിക്കാനും കഴിയില്ല, ഇത്തരം ബിസിനസുകൾക്ക് മറ്റു സ്ഥാപനങ്ങൾ തുടങ്ങണം

നിയമപ്രകാരമുള്ള നിധി സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനും കഴിയും