തൃശൂ‌ർ: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ അഞ്ചു ലക്ഷം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. തൃശൂരിൽ പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വീട്ടിൽ സ്ഥലപരിമിതിമൂലം രണ്ടോ മൂന്നോ റേഷൻ കാർഡുമായി കഴിയുന്ന ഗുണഭോക്താക്കളുണ്ട്. അവരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. സംസ്ഥാന സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം 51,000ത്തിലേറെ വീടുകൾ അർഹരായവർക്ക് നിർമിച്ചു നൽകി. രണ്ടായിരത്തിലധികം വീടുകൾ മാർച്ച് 31നകം നിർമ്മിച്ചു നൽകും. കുറഞ്ഞകാലം കൊണ്ടുത്തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഭവന നിർമാണ പ്രവർത്തനങ്ങൾ 93 ശതമാനം വരെയെത്തിക്കാനും സർക്കാരിനായി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 14 ശതമാനം മാത്രമാണ് വീടുകൾ നിർമിച്ചു നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 4600 തസ്തികകൾ സൃഷ്ടിക്കും. പ്രളയാനന്തര സഹായമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 275 കോടി നൽകി. പ്രളത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനു മാത്രം 1000 കോടി രൂപ നൽകും. മാതൃകാപരമായ ജില്ലാ പദ്ധതികൾ നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്തുകൾക്ക് 40 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി 10 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. തുളസി അദ്ധ്യക്ഷത വഹിച്ചു. കില തയ്യാറാക്കിയ അതിജീവനത്തിന്റെ അനുഭവ പാഠങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. പി.കെ. ബിജു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബർ പ്രസിഡന്റ് വി.കെ. മധു ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ലോക്കൽ ഗവ. കമ്മിഷൻ ചെയർമാൻ സി.പി. വിനോദ്, ജില്ലാ കളക്ടർ ടി.വി. അനുപമ, ആർ. സുഭാഷ്, അഡ്വ. പി. വിശ്വംഭര പണിക്കർ, പി. എസ്. വിനയൻ തുടങ്ങിയവർ സംസാരിച്ചു.