തൃശൂർ: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികൾക്ക് ഇന്ന് തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ തുടക്കമാകും. 27വരെ നീണ്ടു നിൽക്കും. വൈകീട്ട് അഞ്ചിന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും. ഉത്പന്ന വിപണന പ്രദർശന മേളയുടെ ഉദ്ഘാടനം കോർപറേഷൻ മേയർ അജിത വിജയൻ നിർവഹിക്കും. സ്വരാജ് റൗണ്ട് വഴി സാംസ്‌കാരിക ഘോഷയാത്ര ഉണ്ടാകും.
വിവിധ വകുപ്പുകൾ, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചതും നിർമ്മാണോദ്ഘാടനം നിർവഹിക്കാവുന്നതുമായ വിവിധ പദ്ധതികൾക്ക് ആയിരംദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ തുടക്കംക്കുറിക്കും. ജില്ലാടിസ്ഥാനത്തിലുള്ള പദ്ധതി ഉദ്ഘാടനത്തിനോടൊപ്പം മണ്ഡലാടിസ്ഥാനത്തിലും വിവിധ പദ്ധതികൾക്ക് തുടക്കമാകും. ജില്ലയുടെ വികസന ചിത്രപ്രദർശനം, വിപണനമേള, സെമിനാറുകൾ, കലാപരിപാടികൾ, തുടങ്ങിയവയും ആയിരംദിനാഘോഷത്തോടനുബന്ധിച്ച് നടക്കും.
നാളെ രാവിലെ പത്തിന് കാർഷിക വികസനം- തൃശൂരിന്റെ കരുത്തും പ്രതീക്ഷകളും സെമിനാർ നടക്കും. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും അരങ്ങേറും. ഗസൽ ഗായകൻ ഷഹബാസ് അമൻ, സിനിമാ താരം ജയരാജ് വാര്യർ ഉൾപ്പടെയുള്ളവർ കലാപരിപാടികൾ അവതരിപ്പിക്കും.