തൃശൂർ: പ്രസംഗത്തിന്റെ ശൈലി ഇന്ന് മാറിയെന്നും പ്രസംഗ വേദികളെ ശത്രുക്കളെ അപമാനിക്കാനുള്ളതായിട്ടാണ് പലരും ഇപ്പോൾ കാണുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. പ്രൊഫ. ടി.പി. സുധാകരൻ രചിച്ച 'അംബേദ്കർ എങ്ങനെയാണ് ഭരണഘടനാ സ്രഷ്ടാവാകുന്നത്' പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ ഏതു കാര്യത്തിലും വിയോജിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ കൈയടി കിട്ടാനുള്ള പ്രസംഗമാണ് ഇന്നത്തേത്. ശക്തമായി പ്രതികരിക്കുന്നവർക്ക് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാനാകുന്നില്ല. നല്ല കഴിവുള്ളവരെ രാഷ്ട്രീയത്തിൽ വളരാൻ അനുവദിക്കാത്ത സാഹചര്യമാണിപ്പോഴെന്നും ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു.
സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ ഡോ. ഷൊർണൂർ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ മാടമ്പ് കുഞ്ഞുകുട്ടൻ പുസ്തകം പ്രകാശനം ചെയ്തു. അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ആദ്യപ്രതി ഏറ്റുവാങ്ങി. സംവാദത്തിൽ കെ. വേണു, ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. പി.വി. കൃഷ്ണൻ നായർ, ഡോ. പുത്തേഴത്ത് രാമചന്ദ്രൻ, ഇ.ഡി. ഡേവിസ്, ടി.എസ്. നീലാംബരൻ, ഗ്രന്ഥകർത്താവ് പ്രൊഫ. ടി.പി. സുധാകരൻ എന്നിവർ പങ്കെടുത്തു.