തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ചു സീറ്റുകൾ ഉൾപ്പെടെ രാജ്യത്ത് 15 സീറ്റിൽ മത്സരിക്കാൻ ജനതാദൾ (നാഷണലിസ്റ്റ്) പാർട്ടി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. എറണാകുളത്ത് നടന്ന പാർട്ടി ദേശീയ സമിതി യോഗത്തിലാണ് തീരുമാനം. ഒരു മുന്നണിയിലും പെടാത്ത സമാന ചിന്താഗതിയുള്ള മറ്റു രാഷ്ട്രീയ പാർട്ടികളുമായി മുന്നണി ഉണ്ടാക്കി മത്സരിപ്പിക്കുന്നതിനും അതിനു വേണ്ടി ചർച്ച നടത്തുന്നതിനും ദേശീയ പ്രസിഡന്റ് ഹാജി മൊയ്തീൻ ഷായെ ചുമതലപ്പെടുത്തി. 33 ശതമാനം വനിതാസംവരണ തത്വം പാലിച്ചാണ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികളായ ഷാജി പള്ളം, ബാലാജി, കെ.കെ. ജോയ്, അഡ്വ. ബർണാഡ് സക്കറിയ, ലത്തീഫ് തൃക്കാക്കര എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.