തൃശൂർ: ട്രഷറിയിൽ ബില്ലുകൾ മാറുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ നിലച്ചു. മാർച്ചിന് മുമ്പ് പദ്ധതിത്തുക പൂർണമായും ചെലവഴിക്കാൻ പറ്റാതായതോടെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. സാധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ട്രഷറി നിയന്ത്രണം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവത്തേത് കടുത്തതായിപ്പോയെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തുന്നു. ഓരോ പഞ്ചായത്തിനും വെവ്വേറെയുള്ള അക്കൗണ്ടുകളിലും നിയന്ത്രണമുണ്ട്. ഇതുമൂലം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കേണ്ട സംയുക്ത പദ്ധതികൾക്കുള്ള വിഹിതവും ശുചിത്വ മിഷന്റെ ഫണ്ട് ഉൾപ്പെടെയുള്ളവയും ലഭിക്കുന്നില്ല.
ജില്ലയിലെ ഓരോ ട്രഷറികളിലും നൂറിലധികം ബില്ലുകൾ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.
ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകൾ, ആശുപത്രികളിലേക്ക് മരുന്ന് വാങ്ങിയ ബില്ലുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഇത്തരം ബില്ലുകളും പാസാകുന്നില്ല. സാക്ഷരതാ തുല്യതാ പരീക്ഷയ്ക്ക് ഇരിക്കുന്നവരുടെ ഫീസ് തദ്ദേശസ്ഥാപനങ്ങളാണ് അടക്കുന്നത്. ഇവയും തടഞ്ഞുവച്ചതിനാൽ പരീക്ഷ എഴുതുന്ന കാര്യത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ട്രഷറിയിൽ 370 രൂപയുടെ ബിൽ പോലും പാസായില്ല. ജീവനക്കാർ കംപ്യൂട്ടറിൽ എന്റർ ചെയ്താലും സ്വീകരിക്കാത്ത രീതിയിൽ സോഫ്ട്‌വെയർ ലോക്ക് ചെയ്തിരിക്കുകയാണ്.
വ്യാപകപരാതി ഉയർന്ന സാഹചര്യത്തിൽ ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകൾ പാസാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
നിലവിൽ ട്രഷറികളിലെത്തുന്ന ഒരു ലക്ഷത്തിനു മേലുളള കരാർ ബില്ലുകൾ ക്യൂ സിസ്റ്റത്തിലേക്ക് മാറ്റുകയാണ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പടുന്നത് അനുസരിച്ച് ക്യൂവിൽ ആദ്യം എത്തിയ ബില്ലുകൾ ആദ്യം എന്ന നിലയിൽ പാസാക്കും. ഈ ബില്ലുകൾ എപ്പോൾ, എങ്ങനെ പാസാക്കുമെന്നതിനെക്കുറിച്ച് പുതിയ ഉത്തരവിറക്കുമെന്നാണ് സർക്കാർ അറിയിപ്പ്. കിട്ടുന്ന ബില്ലുകൾ കെട്ടിവച്ച് സബ്മിറ്റ് ചെയ്തുവെന്ന് കാണിക്കുക മാത്രമാണ് ഇപ്പോൾ ട്രഷറി ജീവനക്കാരുടെ ജോലി.
തിരഞ്ഞെടുപ്പ് സൂത്രപ്പണി
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സാമൂഹിക സുരക്ഷാ പെൻഷനുകൾ ഈ മാസം അനുവദിച്ചിട്ടുണ്ട്. പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ സംഘങ്ങൾക്കുള്ള ഇൻസെന്റീവും അനുവദിച്ചു. അടുത്ത മാസത്തെ ശമ്പളത്തോടൊപ്പം സർക്കാർ ജീവനക്കാർക്ക് രണ്ടു ഗഡു ഡി.എ നൽകാമെന്ന വാഗ്ദാനം നടപ്പിലാക്കാനുള്ള ശ്രമങ്ങളും ഊർജ്ജിതമാണ്. ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഫണ്ട് വക മാറ്റമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.