കൊച്ചി: ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടിന് തൃശൂർ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെതിരെ വടക്കാഞ്ചേരി ദേശം കമ്മിറ്റി പ്രസിഡന്റ് ടി.ജി. അശോകൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

ഫെബ്രുവരി 24, 26, 27 തീയതികളിലാണ് പൂരം. മുൻവർഷങ്ങളിൽ വെടിക്കെട്ടിന് അനുമതി ലഭിച്ചിരുന്നു. ഇത്തവണ വെടിക്കെട്ട് സ്ഥലത്തിന് സമീപം കതിനയും മറ്റും സുരക്ഷിതമായി സൂക്ഷിക്കാൻ മാഗസിൻ ഒരുക്കിയില്ലെന്നു ചൂണ്ടിക്കാട്ടി എ.ഡി.എം അപേക്ഷ തള്ളി. താത്കാലിക മാഗസിൻ തയ്യാറാക്കാമെന്ന് പറഞ്ഞെങ്കിലും അനുമതി നൽകിയില്ലെന്ന് ഹർജിയിൽ പറയുന്നു.

പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീസ് സേഫ്ടി ഒാർഗനൈസേഷന്റെ (പെസോ) ലൈസൻസുള്ള അംഗീകൃത കരാറുകാരാണ് വെടിക്കെട്ട് നടത്തുന്നത്. അടുത്തെങ്ങും വീടുകളില്ലാത്ത വിശാലമായ പാടത്താണ് വെടിക്കെട്ടെന്നതിനാൽ ഇവിടെ മാഗസിൻ നിർമ്മിക്കേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ പറയുന്നു.