തൃശൂർ: പ്രതിസന്ധികൾക്കിടയിലും കുതിക്കുന്ന സർക്കാർ എന്ന ആശയം ആയിരം ദിനങ്ങൾ കൊണ്ട് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞുവെന്നതാണ് എൽ.ഡി.എഫ് സർക്കാരിനെ വ്യത്യസ്തമാക്കുന്നതെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വികസന രംഗത്ത് രാജ്യത്തിന് പ്രതീക്ഷയായി മാറാൻ കേരളത്തിന് കഴിഞ്ഞത് സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണത്തിലൂന്നിയ ബദൽ സാമ്പത്തികനയം മൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.ഫോട്ടോ പ്രദർശനം മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്തു. സി.എൻ. ജയദേവൻ എം.പി വിശിഷ്ടാതിഥിയായി. എം.എൽ.എമാരായ ബി.ഡി. ദേവസ്സി, കെ.വി. അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി,അഡ്വ. കെ രാജൻ, അഡ്വ. വി.ആർ. സുനിൽകുമാർ, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുത്തു. കളക്ടർ ടി.വി. അനുപമ സ്വാഗതവും എ.ഡി.എം: സി. ലതിക നന്ദിയും പറഞ്ഞു.