swarnakolam
സ്വർണക്കോലം

ഗുരുവായൂർ: ക്ഷേത്രോത്സവം ആറാം ദിവസമായ വെള്ളിയാഴ്ച മുതൽ കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നെള്ളിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന കാഴ്ചശീവേലിക്കാണ് സ്വർണക്കോലം എഴുന്നള്ളിപ്പ് ആരംഭിക്കുക. സ്വർണക്കോലം എഴുന്നള്ളിപ്പ് ദർശിക്കുന്നതിനായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുക. ഉത്സവത്തിലെ അവസാന അഞ്ചു ദിവസങ്ങളിലും ഏകാദശി, അഷ്ടമിരോഹിണി തുടങ്ങിയ വിശേഷദിവസങ്ങളിലും മാത്രമാണ് സ്വർണക്കോലം എഴുന്നള്ളിക്കുക.

പത്ത് കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കോലത്തിൽ നടുവിലായി മുരളി ഊതിനിൽക്കുന്ന ഉണ്ണിക്കൃഷ്ണനും, ചുറ്റുഭാഗത്തായി വീരശൃംഖലയും, തുറന്ന ഭാഗത്ത് മരതകപ്പച്ചയും, സ്വർണ്ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾക്ക് മാറ്റുക്കൂട്ടുന്നതാണ് സ്വർണ്ണക്കോലമെഴുന്നള്ളത്ത്. പണ്ടുകാലത്ത് ആറാം ദിവസത്തെ ഉത്സവത്തിന്റെ ചെലവ് പുന്നത്തൂർ കോവിലകമായിരുന്നു വഹിച്ചിരുന്നത്.

അന്നുനടക്കുന്ന കാഴ്ചശീവേലിക്ക് കോവിലകത്തെ വലിയ തമ്പുരാൻ നേരിട്ടെഴുന്നള്ളുകയും കാഴ്ചശീവേലി വടക്കേനടയിലെത്തുമ്പോൾ മേളത്തിൽ പ്രാഗത്ഭ്യം തെളിയിക്കുന്നവർക്ക് പാരിതോഷികം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ആറാം വിളക്ക് ദിനത്തിൽ ഉച്ചക്ക് വകകൊട്ടൽ ചടങ്ങുമുണ്ട്.