തൃശൂർ: കലിക്കറ്റ് സർവകലാശായ ഡി സോൺ കലോത്സവം നാലാം ദിവസം പിന്നിട്ടപ്പോൾ 129 തൃശൂർ സെന്റ് തോമസ് കോളേജ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 90 പോയിന്റ് നേടിയ കേരളവർമ കോളേജ് രണ്ടാം സ്ഥാനത്തും 81 പോയിന്റോടെ കൊടകര സഹൃദയ കോളേജ് മൂന്നാം സ്ഥാനത്തുമുണ്ട്. 74പോയിന്റ് നേടിയ ക്രൈസ്റ്റ് നാലാം സ്ഥാനത്തുമുണ്ട്.

മോഹിനിയാട്ടത്തോടെയാണ് ഡിസോൺ നാലദിനത്തിൽ മത്സരങ്ങൾ തുടങ്ങിയത്. പ്രധാനവേദിയായ കേരള സൈന്യത്തിൽ ചടുലനൃത്തവും പാട്ടുമായി മാർഗംകളിയും പഞ്ചമിവേദിയിൽ ദഫ്‌മുട്ടും നടന്നു. ജനപ്രിയ ഇനമായ മിമിക്രിയും മോണോ ആക്ടും വൈകിട്ട് അഞ്ചുമണിയോടെയാണ് ആരംഭിച്ചത്. കോൽക്കളി, അറബനമുട്ട്, വട്ടപ്പാട്ട്, ട്രിപ്പിൾഡ്രം, ജാസ്, കവിതാപാരായണം, കാവ്യകേളി അക്ഷരശ്ലോകം എന്നിവ നാലാംദിനത്തെ കലോത്സവ സദസിന് നവ്യനുഭവം പകർന്നു.

കലോത്സവം ഹൈടെക്ക് രീതിയിലാണ് പുരോഗമിക്കുന്നത്. റിസൾട്ട് അറിയാൻ ആപ്പും വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്. ഇന്ന് നാടോടിനൃത്തം, ഒപ്പന, ഗാനമേള, മാപ്പിളപ്പാട്ട്, സംഘഗാനം, തുള്ളൽ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. ആകെ 34 ഓഫ് സ്‌റ്റേജ് മത്സരങ്ങളും 64 സ്‌റ്റേജ് മത്സരങ്ങും അരങ്ങേറുന്ന കലോത്സവം 22ന് വൈകിട്ട് സമാപിക്കും.