മാള: കൊടും ചൂടിൽ ആഹാരമില്ലാതെ വലയുന്നവർ മാള അങ്ങാടിയിലെത്തിയാൽ വലയണ്ട. നേരെ യുവ വ്യാപാരികളായ ചെല്ലക്കുടം പോളിയുടെയും സാബുവിന്റെയും കടയ്ക്ക് മുന്നിലെത്തിയാൽ മതി. വയറു നിറച്ച് ഭക്ഷണം ഗ്യാരണ്ടിയാണ്. വിശക്കുന്നവർക്ക് മുന്നിൽ ഊട്ടുപുരയൊരുക്കി വ്യത്യസ്തരായിരിക്കുകയാണ് ഈ വ്യാപാരി സഹോദരങ്ങൾ. ഊട്ടുപുര എന്ന പേരിൽ പ്രത്യേക പേടകം തയ്യാറാക്കിയാണ് മാള സെന്ററിൽ അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനത്തിന് മുന്നിൽ ഇവർ സ്ഥാപിച്ചിരിക്കുന്നത്. ഉച്ചയ്ക്കുള്ള ഊണ് മാത്രമല്ല പഴവർഗങ്ങളും ഈ പേടകത്തിൽ ഉണ്ട്.
ദിവസവും പത്ത് ചോറ് പൊതികളാണ് ഒരുക്കിയിരിക്കുന്നത്. ഇതിലേക്ക് ഭക്ഷണം നിക്ഷേപിക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. എന്നാൽ ഭക്ഷണമായി കൊണ്ടുവയ്ക്കാനാകില്ല. ഒരെണ്ണത്തിന് നാൽപ്പത് രൂപ നൽകിയാൽ മതി. ഭക്ഷണമല്ലേ ഗുണനിലവാരം ഉറപ്പാക്കാനാണ് ഈ പരിഷ്‌കാരമെന്നാണ് സഹോദരങ്ങൾ പറയുന്നത്. വിശക്കുന്നവർക്കായുള്ള ഊട്ടുപുരയെന്ന ആശയം കൊണ്ടുവന്നത് പോളിയാണ്.
ഈ ഒരാശയം പോളിയുടെ മനസിൽ തെളിയാൻ വ്യക്തമായ കാരണവും ഉണ്ട്. ദിവസവും നിരവധി പേരാണ് ഭക്ഷണത്തിനായി യാചിച്ച് വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത്. പോളിയുടെ വ്യാപാര സ്ഥാപനത്തിലും പലരും എത്താറുണ്ട്. ഭക്ഷണത്തിനായി വിശന്ന് വരുന്നവരെ വെറും കൈയോടെ തിരിച്ചയക്കാറുമില്ല പോളി. ദിവസവും പതിനൊന്നരയോടെ തന്നെ ഭക്ഷണപ്പൊതികൾ പേടകത്തിൽ ഒരുക്കും. പൊടി കയറാതിരിക്കാനും പുറത്ത് നിന്ന് കാണാൻ കഴിയുന്നതിനുമായി ചില്ല് കൊണ്ടുള്ള പെട്ടിയാണ് ഊട്ടുപുരയ്ക്കുള്ളത്.
വിശക്കുന്ന ആർക്കും ഭക്ഷണം സ്വയം എടുത്ത് കഴിക്കാം. അതല്ലെങ്കിൽ ഊട്ടുപുരയുടെ മുന്നിലുള്ള ഈ സഹോദരങ്ങളുടെ കടയിൽ നിന്ന് എത്തി എടുത്തുകൊടുക്കാനും തയ്യാറാണ്. ഇത്തരം സൗകര്യം കൂടി കണക്കിലെടുത്താണ് വ്യാപാര സ്ഥാപനത്തിന് മുന്നിൽ തന്നെ ഊട്ടുപുര ഒരുക്കിയത്. കഴിഞ്ഞ ദിവസം തുടങ്ങിയപ്പോൾ അഞ്ച് പേർക്കുള്ള ഭക്ഷണമാണ് ഒരുക്കിയതെങ്കിലും ഇപ്പോൾ പത്ത് പേർക്കായി വർദ്ധിപ്പിക്കുകയായിരുന്നു..
....................
മാളയിൽ നിരവധി പേരാണ് വിശപ്പടക്കാൻ വഴിയില്ലാതെ കഴിയുന്നതെന്ന് തിരിച്ചറിഞ്ഞാണ് ഊട്ടുപുര ആരംഭിച്ചത്. അടുത്ത ഘട്ടത്തിൽ വസ്ത്രങ്ങൾ നൽകാനും പദ്ധതിയുണ്ട്..
പോളി
മാള അങ്ങാടിയിലെ വ്യാപാരി.